ബഹുഭാര്യത്വം ഉപേക്ഷിക്കുക, കുട്ടികളുടെ എണ്ണം രണ്ടായി കുറക്കുക; ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിബന്ധനകളുമായി ഹിമന്ത ബിശ്വ ശര്‍മ
India
ബഹുഭാര്യത്വം ഉപേക്ഷിക്കുക, കുട്ടികളുടെ എണ്ണം രണ്ടായി കുറക്കുക; ബംഗ്ലാദേശ് മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് നിബന്ധനകളുമായി ഹിമന്ത ബിശ്വ ശര്‍മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th March 2024, 2:14 pm

ഗുവാഹത്തി: ബംഗ്ലാദേശി വംശജരായ മിയ മുസ്‌ലിം വിഭാഗത്തെ അസം സ്വദേശികളായി അംഗീകരിക്കുന്നതിന് നിബന്ധനകളുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കേന്ദ്ര സര്‍ക്കാര്‍ സി.എ.എ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബഹുഭാര്യത്വം ഉപേക്ഷിക്കുക, കുട്ടികളുടെ എണ്ണം രണ്ടായി കുറക്കുക തുടങ്ങിയ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറാണെങ്കില്‍ അസം സ്വദേശികളായി അംഗീകരിക്കാമെന്നാണ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞത്.

‘മിയ വിഭാഗത്തെ അസം സ്വദേശികളായി അംഗീകരിക്കാന്‍ ഒരു പ്രശ്‌നവുമില്ല. എന്നാല്‍ അവര്‍ക്ക് രണ്ട് മൂന്ന് ഭാര്യമാര്‍ ഉണ്ടാകാന്‍ പാടില്ല. അത് അസം സംസ്‌കാരത്തിന് യോജിച്ചതല്ല,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

മദ്രസകളില്‍ പോകുന്ന കുട്ടികള്‍ അതിന് പകരം മെഡിസിനോ എഞ്ചിനിയറിങ്ങോ പഠിക്കണമെന്നും പെണ്‍മക്കള്‍ കുടുംബത്തില്‍ നിന്ന് സ്വത്തിനുള്ള അവകാശം ചോദിച്ച് മേടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അസം ജനതയുടെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ ബംഗാളി കുടിയേറ്റ മുസ്‌ലിംങ്ങൾ തയ്യാറാകണമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ജമ്മു കശ്മീര്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങള്‍ ഉള്ള സംസ്ഥാനമാണ് അസം. 2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34 ശതമാനം മുസ്‌ലിങ്ങളാണ് ഉള്ളത്.

Content Highlight: No polygamy Himanta Sarma’s ‘conditions’ for Bangladeshi Muslims