| Monday, 13th March 2023, 9:00 pm

രാഷ്ട്രീയ സഹായമില്ല; വിവാദങ്ങള്‍ക്ക് പിന്നില്‍ ശത്രുക്കള്‍; ബ്രഹ്‌മപുരം വിഷയത്തില്‍ സോണ്‍ടാ ഇന്റഫ്രാടെക് എം.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാഷ്ട്രീയ സഹായത്തിലൂടെയല്ല ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിന്റെ കരാര്‍ ലഭിച്ചതെന്ന് സോണ്‍ടാ ഇന്‍ഫ്രാടെക് (zonta infratech) എം.ഡി. രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള. കമ്പനിക്ക് യോഗ്യതയുള്ളതിനാലാണ് പ്രൊജക്റ്റ് ഏറ്റെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ ഉണ്ടാകുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തന്റെ കമ്പനിയുടെ ശത്രുക്കള്‍ ആരാണെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും പ്രൊജക്റ്റ് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2016ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് നിയമം പ്രകാരമുള്ള യോഗ്യതയുണ്ട്. ടെന്‍ഡറില്‍ പറഞ്ഞ എല്ലാ യോഗ്യതയും ഉണ്ട്. റിഹാബിലിറ്റേഷനുള്ള യോഗ്യതയുണ്ടാകണമെന്ന് ടെന്‍ഡറില്‍ പറയുന്നുണ്ട്.

ആര്‍.എസ്.ബിയിലുള്ള എല്ലാ കണ്ടീഷന്‍സും നമുക്ക് ഉണ്ട്. തിരുനെല്‍വേലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലുള്ള ബയോകാപിങ്ങ് എക്‌സ്പീരിയന്‍സുമുണ്ടായിരുന്നു.

ഇന്ത്യയില്‍ ഏകദേശം 14 സംസ്ഥാനങ്ങളില്‍ പ്രൊജക്റ്റ് ചെയ്യുന്നു. മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ വര്‍ക്ക് ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.

ഒരു ദിവസം 4000 ടണ്ണോളം ബയോമൈനിങ്‌ ചെയ്യാന്‍ കപ്പാസിറ്റിയുള്ള മെഷീനുകളാണ് ബ്രഹ്‌മപുരത്ത് കൊണ്ട് വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അജൈവ മാലിന്യം കാരണമല്ല തീപ്പിടിത്തമുണ്ടായതെന്നും രാജ്കുമാര്‍ പറഞ്ഞു.

‘അജൈവമാലിന്യം കൊണ്ടല്ല കത്തലുണ്ടായത്. ജൈവമാലിന്യങ്ങള്‍ ദിവസവും നിക്ഷേപിക്കുന്നതാണ് കാരണം. ജൈവമാലിന്യം അവിടെ നിക്ഷേപിക്കുന്നതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്,’ അദ്ദേഹം പറഞ്ഞു.

ഇവിടെ നഷ്ടമുണ്ടായത് തങ്ങള്‍ക്കാണെന്നും. 110 ഏക്കറില്‍ 40 ഏക്കറ് മാത്രമേ സോണ്‍ടാ ചെയ്യുന്നുള്ളൂ. അതിന് പുറത്തും മാലിന്യം നിക്ഷേപിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

content highlight: No political support; Enemies behind controversies; Sonta Intefratech MD on the Brahmapuram issue

We use cookies to give you the best possible experience. Learn more