| Tuesday, 23rd February 2021, 1:02 pm

'അവര്‍ക്ക് പേടിയില്ലെങ്കില്‍, തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പോയി ഉത്തരം നല്‍കട്ടെ'; കല്‍ക്കരി അഴിമതിക്കേസിലെ അന്വേഷണം പകപോക്കലല്ലെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: കല്‍ക്കരി അഴിമതിക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിറ ബാനര്‍ജിയെ ചോദ്യം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയില്ലെന്ന് ബി.ജെ.പി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്.

തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ മുന്നോട്ടുവന്ന് അന്വേഷണം നേരിടണമെന്നും ഘോഷ് പറഞ്ഞു.

രുചിറയ്‌ക്കെതിരെയുള്ള അന്വേഷണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന ആരോപണം വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് പാര്‍ട്ടിയെ ന്യായീകരിച്ച് ദിലീപ് ഘോഷ് രംഗത്തെത്തുന്നത്.

‘ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഏജന്‍സികള്‍ ആളുകളെ ചോദ്യം ചെയ്യുന്നു. ഇതില്‍ ഒരു രാഷ്ട്രീയ അജണ്ട കണ്ടെത്താന്‍ ശ്രമിക്കുന്നത് തെറ്റാണ്. തെരഞ്ഞെടുപ്പ് ഒരു
അറ്റത്ത് എത്തിനില്‍ക്കുകയാണെന്ന് ഞാന്‍ സമ്മതിക്കുന്നു, പക്ഷേ തെരഞ്ഞെടുപ്പ് കാരണം അന്വേഷണം അവസാനിപ്പിക്കരുത്. അഴിമതി കണ്ടെത്തണം കുറ്റവാളികളെ ശിക്ഷിക്കണം, ”ഘോഷ് പറഞ്ഞു.

അതേസമയം, തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന്റെ കാരണമോ അന്വേഷണത്തിന്റെ വിഷയമോ അറിയില്ലെങ്കിലും അന്വേഷണത്തിന് ഹാജരാകുമെന്നായിരുന്നു രുചിറ സി.ബി.ഐ നോട്ടീസിനോട് പ്രതികരിച്ചത്.

രുചിറയെ ചോദ്യം ചെയ്യുന്നതിനായി അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ സി.ബി.ഐ എത്തിയിട്ടുണ്ട്. മമത ബാനര്‍ജി അഭിഷേകിന്റെ വീട്ടില്‍ എത്തി തിരിച്ചുപോയതിന് തൊട്ടുപിന്നാലെയാണ് സി.ബി.ഐ എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: No political motive behind investigation on   Coal Scam: Dilip Ghosh

We use cookies to give you the best possible experience. Learn more