ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ല; ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ജിതിന്‍ പ്രസാദ
national news
ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ല; ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ജിതിന്‍ പ്രസാദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th June 2021, 4:06 pm

ന്യൂദല്‍ഹി: ജനങ്ങളെ സഹായിക്കാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയിട്ടാണ് കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചതെന്ന് ബി.ജെ.പി നേതാവ് ജിതിന്‍ പ്രസാദ. ബി.ജെ.പി. അംഗത്വം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചയാളാണ് താനെന്നും വളരെ ആലോചിച്ചതിന് ശേഷമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ജിതിന്‍ പ്രസാദ പറഞ്ഞു.

‘ജനങ്ങളുടെ താല്‍പ്പര്യങ്ങളും ജീവനും സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ പിന്നെ ഇങ്ങനെയൊരു പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ എന്താണ് കാര്യം? കോണ്‍ഗ്രസില്‍ നിന്നു കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നി തുടങ്ങി,’ ജിതിന്‍ പ്രസാദ പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്ന ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അതാണ് ബി.ജെ.പിയെന്നും ഈ മഹാമാരി കാലത്ത് ജനങ്ങളോടൊപ്പം നിന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നും ജിതിന്‍ പ്രസാദ കൂട്ടിച്ചേര്‍ത്തു.

മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ജിതിന്‍ പ്രസാദ ബുധനാഴ്ചയാണു ബി.ജെ.പി. അംഗത്വം എടുത്തത്. പാര്‍ട്ടിയില്‍ ചേരുന്നതിനു മുമ്പായി ജിതിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ബംഗാളിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. രാജ്യത്തെ ഒരേയൊരു ദേശീയ പാര്‍ട്ടി ബി.ജെ.പിയാണെന്നാണ് അംഗത്വം സ്വീകരിച്ചു കൊണ്ട് ജിതിന്‍പ്രസാദ പറഞ്ഞത്.

ഒരു പ്രധാന കോണ്‍ഗ്രസ് നേതാവ് ജൂണ്‍ 9ന് ബി.ജെ.പിയില്‍ ചേരുമെന്നു നേരത്തെ പാര്‍ട്ടി വക്താവ് അനില്‍ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.

20 വര്‍ഷത്തോളമായി ജിതിന്‍ പ്രസാദയ്ക്ക് പാര്‍ട്ടിയുമായുള്ള ഇടച്ചില്‍ രഹസ്യമല്ല. 2019ല്‍ ബി.ജെ.പിയില്‍ ചേരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അദ്ദേഹം തന്നെ അത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

നേതൃത്വത്തിനെതിരെ സോണിയാ ഗാന്ധിക്കു കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കളില്‍ ജിതിന്‍ പ്രസാദയുമുണ്ടായിരുന്നു.

ഇന്ത്യന്‍ സെകുലര്‍ ഫ്രണ്ടുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെതിരെയും ജിതിന്‍ പ്രസാദ പരസ്യമായി വിമര്‍ശനമുന്നയിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജിതിന്‍ പ്രസാദ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്തായിരുന്നു കേന്ദ്രമന്ത്രിയായിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: No point being in a party if you can’t help people says  Jitin Prasada on leaving Congress