ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിങ്. ഒരു പ്രധാനമന്ത്രിയും മോദിയെ പോലെ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെയോ പ്രതിപക്ഷത്തെയോ ലക്ഷ്യമിട്ട് പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ വോട്ടര്‍മാര്‍ക്ക് അയച്ച കത്തിലാണ് മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
ജനാധിപത്യത്തെയും നമ്മുടെ ഭരണഘടനയെയും സ്വേച്ഛാധിപത്യ ഭരണകൂടത്തില്‍ നിന്ന് രക്ഷിക്കാന്‍ നമുക്ക് മുന്നിലുള്ള അവസാന അവസരമാണിതെന്നും അദ്ദേഹം കത്തില്‍ വോട്ടര്‍മാരോട് പറഞ്ഞു.
‘ഏറ്റവും ക്രൂരമായ രീതിയിലാണ് പ്രധാനമന്ത്രി വിദ്വേഷ പ്രസംഗം നടത്തുന്നത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസംഗങ്ങളാണ് മോദി നടത്തുന്നത്. ഒരു സംവാദത്തിന്റെ മാന്യത പോലും പ്രധാനമന്ത്രി തകര്‍ത്തു. ഇതുവഴി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസും മോദി തകര്‍ത്തു,’ മന്‍മോഹന്‍ സിങ് പറഞ്ഞു.
ജീവിതത്തില്‍ ഒരിക്കൽ പോലും താൻ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും അത് ബി.ജെ.പിയുടെ മാത്രം മുഖമുദ്രയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ മന്‍മോഹന്‍ സിങ്ങിന്റെ പേരില്‍ തെരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ പ്രധാനമന്ത്രി തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരുന്നപ്പോല്‍ രാജ്യത്തിന്റെ സമ്പത്ത് മുസ്‌ലിങ്ങള്‍ക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നാണ് മോദി പ്രസംഗിച്ചത്.
Content Highlight: ‘No PM in past has uttered such hateful terms’: Manmohan Singh