D' Election 2019
ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴില്ല; രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്കെതിരെ പ്രസ്താവനയിറക്കി ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ 207 അധ്യാപകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 07, 09:56 am
Tuesday, 7th May 2019, 3:26 pm

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ നരേന്ദ്ര മോദിയുടെ പ്രസ്താവനയെ അപലപിച്ച് ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ 207 അധ്യാപകര്‍. അപകീര്‍ത്തികരമായതും തികച്ചും അസത്യമായതുമായ കാര്യങ്ങള്‍ വിളിച്ചുപറയുകയാണ് മോദിയെന്നും ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴില്ലെന്നും അധ്യാപകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച രാജീവ് ഗാന്ധിയെപ്പോലൊരാളെ കുറിച്ച് അപകീര്‍ത്തികരവും അസത്യവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക വഴി പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് തന്നെ അദ്ദേഹം ഇല്ലാതാക്കിയിരിക്കുന്നെന്ന് അധ്യാപകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

മോദിയെപ്പോലെ ഇത്തരത്തില്‍ തരംതാഴാന്‍ മറ്റൊരു പ്രധാനമന്ത്രിമാര്‍ക്കും ആവില്ലെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തി. മഹാമനുഷ്യനായ അദ്ദേഹം രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ചരിത്രത്തില്‍ ഇടംപിടിച്ചവയാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തെ ടെലികമ്മ്യൂണിക്കേഷന്‍ വിപ്ലവവും വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന കാര്‍ഗില്‍ യുദ്ധവും ചൂണ്ടിക്കാട്ടിയായിരുന്നു അധ്യാപകരുടെ പ്രസ്താവന.

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ നമ്മുടെ ജവാന്‍മാര്‍ രാജീവ് ഗാന്ധിയെ പ്രകീര്‍ത്തിച്ചുകൊണ്ട് മുദ്രാവാക്യം മുഴക്കിയിരുന്നു. അദ്ദേഹം കൊല്ലപ്പെട്ട് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമായിട്ടുപോലും രാജീവ്ഗാന്ധിയെ അവര്‍ വാഴ്ത്തിയത് ബോഫേഴ്‌സ് തോക്കുകള്‍ കൈയ്യിലേന്തിക്കൊണ്ടായിരുന്നു.

ഇന്ന് നമ്മുടെ ഐ.ടി കമ്പനികള്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ടെങ്കില്‍ അതുപോലെ ടെലകോം വകുപ്പിന്റെ സംഭാവനങ്ങള്‍, രാജ്യത്തെ റെയില്‍ ഗതാഗതം ഇതെല്ലാം ഇന്നത്തെ രൂപത്തില്‍ നമുക്ക് ലഭ്യമാകുന്നുണ്ടെങ്കില്‍ അതെല്ലാം രാജീവ് ഗാന്ധിയെന്ന വ്യക്തി രൂപപ്പെടുത്തിയ നയങ്ങള്‍ ഒന്നുകൊണ്ട് മാത്രമാണ്. – അധ്യാപകര്‍ പ്രസ്താവനയില്‍ പറയുന്നു.

രാജീവ് ഗാന്ധിയെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണെന്നും സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.’ എന്നുമായിരുന്നു മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ രാഹുല്‍ ഗാന്ധി റാഫേല്‍ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിച്ചത്. തന്റെ ഇമേജ് തകര്‍ക്കാനായിരുന്നു രാഹുല്‍ ഗാന്ധി റാഫേലിനെ കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്തതെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.