| Friday, 14th June 2019, 7:50 am

പരസ്പരം മിണ്ടാതെ, കൈകോര്‍ക്കാതെ രാഷ്ട്രനേതാക്കള്‍; ഇന്ത്യ-പാക് അസ്വാരസ്യം കിര്‍ഗിസ്ഥാനിലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിഷ്‌കെക്ക്: കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ (എസ്.സി.ഒ) ഉച്ചകോടിക്കിടെ തമ്മില്‍ കണ്ടിട്ടും ചര്‍ച്ച നടത്താനോ ഹസ്തദാനം ചെയ്യാനോ കൂട്ടാക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും. പാക്കിസ്ഥാന്‍ ഭീകരവാദികളെ സഹായിക്കുന്ന നിലപാട് മാറ്റാതെ ചര്‍ച്ചയില്ലെന്ന് മോദി അറിയിച്ചു. ഉച്ചകോടിക്കിടെ കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂറോണ്‍ബായ് ജീന്‍ബെകോവ് നല്‍കിയ വിരുന്നിലാണ് ഇരുനേതാക്കളും ഒരുമിച്ച് പങ്കെടുത്തത്.

അതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തി. ഷി ജിന്‍പിങ്ങുമായി നടന്ന ചര്‍ച്ച 40 മിനിറ്റ് നീണ്ടു. ഇന്നലെ അനന്ത്‌നാഗില്‍ നടന്ന ആക്രമണം പോലും ഭീകരവാദികള്‍ക്കുള്ള പാക് പിന്തുണ വ്യക്തമാക്കിയ മോദി, പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തുന്നതിലെ നിലപാടും അദ്ദേഹത്തെ അറിയിച്ചു. പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇപ്പോള്‍ അന്തരീക്ഷമില്ലെന്നാണ് മോദി പറഞ്ഞത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് ഷി ജിന്‍പിങ് അറിയിച്ചു.

പരമോന്നത സിവിലിയന്‍ പുരസ്‌കാരം തനിക്ക് പ്രഖ്യാപിച്ചതിനു മോദി റഷ്യക്കു നന്ദി അറിയിച്ചു. റഷ്യയിലെ കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പുടിന്‍ മോദിയെ ക്ഷണിക്കുകയും ചെയ്തു. റെയില്‍വേയുടെ ആധുനികവത്ക്കരണത്തില്‍ റഷ്യ സഹകരിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

ഉച്ചകോടിക്കിടെ കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ഇമ്രാന്‍ ഖാന്‍ മോദിക്ക് നേരത്തേ കത്തെഴുതിയിരുന്നു. സൈനിക നീക്കത്തിലൂടെയല്ല, ചര്‍ച്ചയിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന് പാക്കിസ്ഥാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. മധ്യസ്ഥ ശ്രമങ്ങളിലൂടെയാണ് സമാധാന നീക്കങ്ങള്‍ നടക്കുകയെങ്കില്‍ അതിനും തയാറാണ്. അഭിവൃദ്ധി സമാധാനത്തിലൂടെയാണ്, രക്തചൊരിച്ചിലിലൂടെയല്ല ഉണ്ടാകുകയെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ഇന്ത്യയുടെ ഭാഗത്തുനിന്നും പ്രതികരണമുണ്ടായില്ല.

പാക്കിസ്ഥാന്‍ അനുമതി നല്‍കിയിട്ടും മോദി പാക് വ്യോമപാതയില്‍ക്കൂടിയുള്ള യാത്ര ഒഴിവാക്കിയിരുന്നു. ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഒമാനിലും ഇറാനിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും കൂടി കടന്നുപോകുന്ന വ്യോമപാതയില്‍ക്കൂടിയാണ് മോദി കഴിഞ്ഞദിവസം യാത്ര ചെയ്തത്.

ബാലാകോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്കു യാത്രാനുമതി നിഷേധിക്കപ്പെട്ട വ്യോമപാത മോദിക്കായി തുറന്നുനല്‍കണമെന്ന് ഇന്ത്യ കഴിഞ്ഞദിവസം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാകിസ്താന്‍ അംഗീകരിക്കുകയും ചെയ്താണ്. എന്നാല്‍ ഇപ്പോള്‍ അതു സര്‍ക്കാര്‍ വേണ്ടെന്നുവെയ്ക്കാനുണ്ടായ സാഹചര്യമെന്തെന്നു വ്യക്തമല്ല.

പാക് വ്യോമപാതയില്‍ക്കൂടി സഞ്ചരിച്ചാല്‍ കൂടുതല്‍ സമയമുള്ള യാത്ര ഒഴിവാക്കാനാവും. എട്ടുമണിക്കൂര്‍ യാത്ര നടത്തുന്നതിനു പകരം നാലുമണിക്കൂര്‍ മതിയാവും.

പാക് നടപടിയെത്തുടര്‍ന്നു കഴിഞ്ഞ മൂന്നുമാസമായി ഇതുവഴിയുള്ള നിരവധി വിമാനസര്‍വീസുകളാണ് റദ്ദാക്കിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വന്‍ നഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നത്. 350 വിമാനങ്ങളാണ് ഇതുകാരണം ബുദ്ധിമുട്ട് നേരിടുന്നത്.

ഇപ്പോള്‍ എയര്‍ ഇന്ത്യക്കു മാത്രം ദിവസം അഞ്ചുമുതല്‍ ഏഴു കോടിവരെ നഷ്ടം നേരിടുന്നുണ്ട്.

We use cookies to give you the best possible experience. Learn more