ന്യൂദല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി ലക്ഷ്യം പരിഷ്‌കരിക്കാന്‍ ഇന്ത്യക്ക് ഉടന്‍ പദ്ധതിയില്ലെന്നും വാര്‍ഷിക ബജറ്റിന് മുമ്പ് തീരുമാനമെടുക്കുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
ചെലവ് ചുരുക്കലുകള്‍ ഒന്നും തന്നെ ആസൂത്രണം ചെയ്യുന്നില്ലെന്നും ധനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെലവു ചുരുക്കല്‍ നയങ്ങളിലേക്ക് നീങ്ങാത്തത് കൊണ്ട് നിലവിലെ ക്ഷേമപദ്ധതികളില്‍ മാറ്റം വരാന്‍ സാധ്യതയില്ല.
നിര്‍മാതാക്കളെ ആകര്‍ഷിക്കാനും സ്വകാര്യ നിക്ഷേപം കാര്യക്ഷമമാക്കാനും ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് വളര്‍ച്ച ഉയര്‍ത്താനുമുള്ള പദ്ധതികളുമാണിപ്പോള്‍ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
അടുത്തിടെ സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിന്റെ ഫലമായി ഇന്ത്യയുടെ ധനക്കമ്മി വര്‍ദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ധനക്കമ്മി ലക്ഷ്യം പരിഹരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമോ എന്ന ചോദ്യത്തിന് ‘ഇതെല്ലാം ബജറ്റിനോട് ചേര്‍ന്ന് എടുത്ത തീരുമാനങ്ങളാണ്’ എന്നാണ് ധനമന്ത്രി മറുപടി പറഞ്ഞത്.
ഇന്ത്യ നേരിടുന്ന തൊഴിലില്ലായ്മയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനും ഇതുമൂലം സാധിക്കും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.