ന്യൂദല്‍ഹി: തമിഴ്നാട് അടക്കമുള്ള ഒരു സംസ്ഥാനവും വിഭജിക്കുന്ന കാര്യം ഇപ്പോള്‍ ആലോചനയിലില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ഇങ്ങനെയൊരു ആലോചനയുണ്ടായിട്ടില്ലെന്നും പാര്‍ലമെന്റിനെ അദ്ദേഹം അറിയിച്ചു.
പുതിയ സംസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനായി വിവിധ വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും കാലാകാലങ്ങളില്‍ ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഒരു പുതിയ സംസ്ഥാനം രൂപീകരിക്കുന്നതിലൂടെ നമ്മുടെ രാജ്യത്തെ ഫെഡറല്‍ രാഷ്ട്രീയത്തെ അത് നേരിട്ട് ബാധിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു
തമിഴ്നാട് ഉള്‍പ്പെടെ രാജ്യത്തെ ഏതെങ്കിലും സംസ്ഥാനം വിഭജിക്കാന്‍ സര്‍ക്കാരിന് എന്തെങ്കിലും നിര്‍ദ്ദേശം ഉണ്ടോയെന്ന് രണ്ട് തമിഴ്നാട് എം.പിമാര്‍ ലോക്‌സഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
ഡി.എം.കെയുടെ എം.പിയായ എസ്. രാമലിംഗവും ഐ.ജി.കെയുടെ എം.പിയായ ടി.ആര്‍ പരിവേന്ദറുമാണ് സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. തമിഴ്നാട് രണ്ടായി വിഭജിക്കണമെന്ന തമിഴ്നാട് ബി.ജെ.പിയുടെ ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് വിഷയത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി രംഗത്തെത്തിയത്.
തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷനായിരുന്ന എല്‍. മുരുകന്‍ കേന്ദ്രസഹമന്ത്രിയായതോടെയാണ് കൊങ്കുമേഖല വിഭജിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നത്. കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി എന്നിവ ഉള്‍പ്പെടുന്നതാണ് കൊങ്കുമേഖല.