| Friday, 17th July 2020, 5:14 pm

പുരോഹിതരും ജീവനക്കാരുമടക്കം 140 പേര്‍ക്ക് കൊവിഡ്; ക്ഷേത്രം അടയ്ക്കാന്‍ കഴിയില്ലെന്ന് തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ്; ആശങ്ക വര്‍ധിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയവാഡ: കനത്ത ആശങ്ക ഉയര്‍ത്തി തിരുപ്പതി ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉള്‍പ്പെടെ 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടും ക്ഷേത്രം അടയ്ക്കാന്‍ കഴിയില്ലെന്ന നിലപാടുമായി തിരുപ്പതി ദേവസ്ഥാനം ബോര്‍ഡ് അധികൃതര്‍.

ആന്ധ്രയില്‍ കൊവിഡ് കനത്ത ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് തിരുപ്പതി ദേവസ്വത്തിന്റെ ഈ തീരുമാനം എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ക്ഷേത്രം അടയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തീര്‍ത്ഥാടകര്‍ കൊവിഡ് പോസ്റ്റീവ് ആയി എന്നതിന് തെളിവില്ലെന്നുമാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ് ചെയര്‍പേഴ്സണ്‍ വൈ വി സുബ്ബ റെഡ്ഡി പറയുന്നത്.

കൊവിഡ് സ്ഥിരീകരിച്ച 140 ക്ഷേത്ര ജോലിക്കാരില്‍ പതിനാല് പുരോഹിതന്മാരും ഉള്‍പ്പെടുന്നുണ്ട്. കൊറോണ വൈറസ് ബാധിച്ചവരില്‍ ഭൂരിഭാഗവും ക്ഷേത്രത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ആന്ധ്രപ്രദേശ് പോലീസില്‍ നിന്നുള്ളവരാണെന്നും റെഡ്ഡി പറഞ്ഞു. ഇവരില്‍ ഒരാള്‍ക്ക് മാത്രമാണ് കടുത്ത ലക്ഷണങ്ങളുള്ളതെന്നും റെഡ്ഡി പറഞ്ഞു.

തിരുമല ക്ഷേത്രം അടയ്ക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയില്ല. മുതിര്‍ന്ന പുരോഹിതരെ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തില്ല. പുരോഹിതന്മാരും ജോലിക്കാരും പ്രത്യേക താമസസൗകര്യം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും റെഡ്ഡി പറഞ്ഞു, ജീവനക്കാര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിനായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും ഇയാള്‍ പറഞ്ഞു.

ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ ക്ഷേത്ത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നത് വ്യാപനത്തിന് ഇടയാക്കുമെന്നാണ് പുരോഹിതരുടെ ആശങ്ക. സംഭവത്തില്‍ ഇടപെടണമെന്ന് ക്ഷേത്രത്തിലെ പുരോഹിതര്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്.

കഴിഞ്ഞ ദിവസം തിരുപ്പതി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ കുമാര്‍ സിങ്കാല്‍ ക്ഷേത്ര പുരോഹിതന്മാരുമായും ആരോഗ്യ, വിജിലന്‍സ് ഉദ്യോഗസ്ഥരുമായും അടിയന്തര യോഗം വിളിച്ചതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദേവസ്വത്തിന്റെ നടപടിക്കെതിരെ തിരുപ്പതി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്മാരില്‍ ഒരാളായ എ വി രമണ ദീക്ഷിതുലു ആണ് രംഗത്ത് എത്തിയത്. കുറഞ്ഞത് 15 ആര്‍ക്കക്കന്മാര്‍ (പുരോഹിതന്മാര്‍) മാരകമായ കൊവിഡ് -19 ബാധിച്ചെന്നും ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയോട് ഇടപെടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

അതേസമയം ആന്ധ്രപ്രദേശില്‍ കൊവിഡ് മരണം 500 കടന്നു. വ്യാഴാഴ്ച 2602 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 42 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത് . 19814 പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more