പോകാന്‍ ഇടമില്ല; ഇസ്രഈല്‍-ലെബനന്‍ ആക്രമണത്തില്‍ വഴിയാധാരമായി ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍
national news
പോകാന്‍ ഇടമില്ല; ഇസ്രഈല്‍-ലെബനന്‍ ആക്രമണത്തില്‍ വഴിയാധാരമായി ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th October 2024, 4:59 pm

ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രഈല്‍ സൈന്യം ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ ദുരിതം അനുഭവിക്കുന്നതായി അല്‍ജസീറ റിപ്പോര്‍ട്ട്. വിദേശക്കുടിയേറ്റക്കാര്‍ ഏറെയുള്ള ലെബനനില്‍ ഭൂരിഭാഗം പേരും ഗാര്‍ഹിക മേഖലയിലാണ് ജോലി ചെയ്യുന്നത്. ഏകദേശം 17,500 മുതല്‍ 200,000 വിദേശികളാണ് ഗാര്‍ഹിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഒരു വര്‍ഷമായി തുടരുന്ന ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഹിസ്ബുല്ല കൂടി പങ്കാളികളായതോടെ ലെബനനിലെ കുടിയേറ്റക്കാരെക്കൂടി യുദ്ധം സാരമായി ബാധിച്ചിരിക്കുകാണ്. ഇസ്രഈല്‍ ലെബനനില്‍ ആക്രമണം ആരംഭിച്ചതോടെ പല ലെബനന്‍ പൗരന്മാരും വീട് വിട്ട് ബന്ധു വീടുകളിലേക്ക് പലായനം ചെയ്‌തെങ്കിലും ആഫ്രിക്കന്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലും കിടപ്പാടവും നഷ്ടമായി.

ഇവരില്‍ ഭൂരിഭാഗം പേരും ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. 2019ല്‍ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ ഭൂരിഭാഗം പേരും എത്യോപ്യയില്‍ നിന്നുള്ളവരാണ്.

‘ ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നത് വലിയ ഭാഗ്യമായി തോന്നുന്നു. വൃദ്ധരും കുട്ടികളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളടക്കം അവര്‍ തകര്‍ത്തു. എനിക്ക് പരിക്കൊന്നും പറ്റിയില്ല. എങ്കിലും കേള്‍വി നഷ്ടപ്പെട്ടുവെന്ന് തോന്നുന്നു. ഇപ്പോള്‍ പേടിസ്വപ്‌നം കാരണം ഇവിടുത്തെ കുട്ടികള്‍ക്ക് ഉറങ്ങാന്‍ പോലും ഭയമാണ്.

എല്ലാവരും തന്നെ നഗരങ്ങള്‍ വിട്ട് ബെയ്റൂട്ടിലേക്കോ അവരുടെ ബന്ധുക്കളുള്ള മറ്റ് സ്ഥലങ്ങളിലേക്കോ പലായനം ചെയ്യുകയാണ്. എന്നാല്‍ കുടിയേറ്റക്കാരായ ഞങ്ങളെപ്പോലുള്ളവര്‍ക്ക് പോകാന്‍ സ്ഥലമില്ല. അതിനാല്‍ ഞങ്ങളില്‍ പലരും പൊതുസ്ഥലങ്ങളില്‍ കിടന്നുറങ്ങുകയാണ് ചെയ്യുന്നത്,’എത്യോപ്യന്‍ ഗാര്‍ഹിക തൊഴിലാളിയായ സോറെറ്റി പറഞ്ഞു.

സെപ്തംബര്‍ 23ന് ലെബനന്‍ തെക്കന്‍ നഗരമായ ടയറില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അവളുടെ സമീപപ്രദേശത്തെ കെട്ടിടങ്ങള്‍ എല്ലാം തകര്‍ന്നിരുന്നു. ആ സമയത്ത് അവള്‍ വീട്ടിലില്ലായിരുന്നു.

1980കളിലാണ് എത്യോപ്യന്‍ പൗരന്മാര്‍ ഗാര്‍ഹിക ജോലികള്‍ക്കായി ലെബനനില്‍ എത്തിത്തുടങ്ങിയത്. പിന്നീട് ലെബനനിലെ ആഭ്യന്തരയുദ്ധം ആരംഭിച്ചപ്പോള്‍ തൊഴിലാളികളുടെ വരവ് കുറഞ്ഞെങ്കിലും യുദ്ധം അവസാനിച്ച 1990-2000 കാലഘട്ടങ്ങളില്‍ ഇത് വര്‍ദ്ധിച്ചു.

അതേസമയം ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ഇസ്രഈല്‍ ലെബനനില്‍ നടത്തിയ ആക്രമണങ്ങളില്‍ 1,900 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്രഈല്‍ ലെബനനിലെ ആക്രമണങ്ങള്‍ ആരംഭിച്ച 2019മുതല്‍ തന്നെ ലെബനനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. അവിടുത്തെ കറന്‍സിയായ ലെബനീസ് പൗണ്ടിന് മൂല്യം 90 ശതമാനം വരെ ഇടിഞ്ഞിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ആക്രമണം തുടരുന്ന സാഹചര്യങ്ങളില്‍ പല തൊഴിലാളികളോടും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ അതത് എംബസ്സികള്‍ ആവശ്യപ്പെട്ടിരുന്നു. ഫിലിപ്പീന്‍സ് പോലുള്ള രാജ്യങ്ങള്‍ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ സൗജന്യയാത്ര ഒരുക്കി നല്‍കിയപ്പോള്‍ എത്യോപ്യന്‍ എംബസ്സികള്‍ സ്വന്തം തൊഴിലാളികളെ തിരിഞ്ഞ് പോലും നോക്കിയില്ല എന്ന ആക്ഷേപവുമുണ്ട്.

Content Highlight: No place to go; African migrants as the mainstay of Israel-Lebanon aggression