ഐ.പി.എല്ലില്‍ സ്ഥാനമില്ല; ഇന്ത്യന്‍ താരം ഇനി കൗണ്ടിയിലേക്ക്
Sports News
ഐ.പി.എല്ലില്‍ സ്ഥാനമില്ല; ഇന്ത്യന്‍ താരം ഇനി കൗണ്ടിയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th January 2024, 10:46 am

2024 ഐ.പി.എല്‍ മാര്‍ച്ച് 22ന് ആരംഭിക്കാനിരിക്കുകയാണ്. ഇതോടനുബന്ധിച്ച് നിരവധി താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ വിവിധ ഫ്രാഞ്ചൈസിക്ള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ദുബായില്‍ വെച്ച് നടന്ന താരലേലത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ കരുണ്‍ നായറെ ഒരു ടീമും എടുത്തില്ലായിരുന്നു.

ഇതോടെ കരുണ്‍ ഈ വര്‍ഷം ഏപ്രിലില്‍ നടക്കാനിരിക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്താംപ്ടണ്‍ഷയര്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐ.പി.എല്ലില്‍ സ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് താരം കൗണ്ടിയില്‍ എത്തുന്നത്.

കഴിഞ്ഞ മത്സരത്തില്‍ കരുണ്‍ നോര്‍ത്താംപ്ടണ്‍ഷയര്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. മൂന്ന് ഇന്നിങ്‌സുകളിലായി 78, 150, 21 സ്‌കോറില്‍ കളിക്കാന്‍ താരത്തിന് കഴിഞ്ഞു. കൂടാതെ ടീമില്‍ തിരിച്ചെത്തിയ കരുണിനെ പരീശീലകന്‍ ജോണ്‍ സാഡ്‌ലര്‍ പ്രശംസിക്കുകയും ചെയ്തു.

‘ അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി അവിശ്വസനീയമായ ചില റണ്‍സ് നേടിയിട്ടുണ്ട്. അവന്റെ സ്വഭാവം, ശാന്തത, റണ്‍സ് നേടാനുള്ള ആവേശം എല്ലാം കാണുമ്പോല്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അവന്‍ ഉണ്ടാകുന്നത് ഞങ്ങള്‍ക്ക് ഒരു വലിയ അസറ്റാണ്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024ന്റെ ലേലത്തില്‍ കരുണ്‍ നായരെ ഏതെങ്കിലും ടീം തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ ഡിസംബര്‍ പകുതിയോടെ കൗണ്ടി ചാമ്പ്യന്‍ഷിപ്പിനുള്ള അദ്ദേഹത്തിന്റെ ലഭ്യത സ്ഥിരീകരിച്ചിരുന്നില്ല. ഐ.പി.എല്‍ 2024 ലേലത്തില്‍ വിറ്റഴിക്കാത്തതിന് ശേഷം നോര്‍ത്താംപ്ടണ്‍ഷയറിന് വേണ്ടി ഏഴ് മത്സരങ്ങള്‍ കളിക്കാന്‍ താരം എത്തുകയായിരുന്നു. കരുണ്‍ ഇതിനെ കുറിച്ച് സംസാരിക്കുകയുണ്ടായിരുന്നു.

‘മറ്റൊരു കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ക്രിക്കറ്റിനായി നോര്‍ത്താംപ്ടണ്‍ഷെയറിലേക്ക് മടങ്ങുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഗെയിമുകള്‍ ജയിക്കുകയും പ്രമോഷന്‍ നേടുകയുമാണ് ലക്ഷ്യം, എന്നെ വിശ്വസിച്ച് ഈ മഹത്തായ അവസരം തന്നതിന് കോച്ചിനോടും ക്യാപ്റ്റനോടും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ സീസണിലെ എന്റെ ഫോമില്‍ ഞാന്‍ ശരിക്കും സന്തുഷ്ടനായിരുന്നു, എനിക്ക് ഉടന്‍ തന്നെ മുന്നേറാനും ബോര്‍ഡില്‍ വലിയ റണ്‍സ് ഇടാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,’ കരുണ്‍ പറഞ്ഞു.

ഇന്ത്യക്ക് വേണ്ടി കരുണ്‍ ആറ് ടെസ്റ്റിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 374 റണ്‍സ് നേടിയിട്ടുണ്ട്. അതില്‍ 303* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 41 ബൗണ്ടറികളും നാല് സിക്‌സറുകളുമാണ് കരുണ്‍ നേടിയത്. രണ്ട് ഏകദിനത്തില്‍ നിന്ന് 46 റണ്‍സും താരത്തിനുണ്ട്.

 

Content Highlight: No place in I.P.L, The Indian star now to the county