| Sunday, 30th June 2024, 11:13 am

ഹിന്ദുഫോബിയക്ക് യു.കെയിൽ സ്ഥാനമില്ല: ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റർമർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൺ: ഹിന്ദുഫോബിയക്ക് യു.കെയിൽ സ്ഥാനമില്ലെന്ന് ലേബർ നേതാവ് സർ കെയർ സ്റ്റർമർ. കഴിഞ്ഞ ദിവസം കിങ്‌സ്‌ബെറിയിലെ ശ്രീ സ്വാമി നാരായൺ മന്ദിർ സന്ദർശിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെടുന്ന നേതാവാണ് ഇദ്ദേഹം.

‘ബ്രിട്ടനിൽ ഹിന്ദുഫോബിയക്ക് ഒട്ടും സ്ഥാനമില്ല,’ അദ്ദേഹം പറഞ്ഞു. അതോടൊപ്പം തന്നെ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ലേബർ പാർട്ടി പുനർനിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ജയ് സ്വാമിനാരായൺ’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ബ്രിട്ടീഷ് ഹിന്ദുക്കൾ അവരുടെ വേരുകൾ മറന്നിട്ടില്ലെന്നും അവരുടെ സമ്പന്നമായ പൈതൃകത്തെ താൻ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: സിങ്കപ്പൂർ എയർപോർട്ടിൽ മാത്രമല്ല ഇങ്ങ് ദൽഹിയിലുമുണ്ട് വെള്ളച്ചാട്ടം, മോദിയുടെ ‘ലോകോത്തര ഇൻഫ്രാസ്ട്രെക്ചർ’; ട്രോളി ഇന്ത്യക്കാർ

‘ഹിന്ദു മൂല്യങ്ങൾ ശക്തിപ്പെടുത്തി നിങ്ങൾ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുക. ബ്രിട്ടീഷ് ഹിന്ദുക്കൾ അവരുടെ വേരുകൾ മറന്നിട്ടില്ല. അവരുടെ സമ്പന്നമായ പൈതൃകത്തെ പ്രശംസിക്കാതെ വയ്യ,’ അദ്ദേഹം പറഞ്ഞു.

പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് നിരവധി ഹിന്ദു സ്ഥാനാർഥികളുണ്ടെന്നും അവരെല്ലാവരും തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ ഹിന്ദു സമൂഹം പാർട്ടിക്കൊപ്പം നിന്ന് നിങ്ങൾക്കുവേണ്ടി ശബ്ദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങളുടെ ആശങ്കകളെ പ്രതിനിധീകരിച്ച് നിങ്ങളുടെ ശബ്ദം തന്നെ കേൾക്കാൻ സാധിക്കും. അതിന് ലേബർ പാർട്ടിയുടെ ഹിന്ദു സ്ഥാനാർത്ഥികൾ വിജയിക്കണം,’ സ്റ്റർമർ കൂട്ടിച്ചേർത്തു.

കിങ്‌സ്‌ബെറിയിലെ ശ്രീ സ്വാമി നാരായൺ മന്ദിറിൽ ഒരു ഇന്ത്യൻ ബാൻഡ് ആണ് സ്റ്റർമറെ സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം അഞ്ജലി മുദ്ര, അഭിഷേക ഉൾപ്പടെയുള്ള പൂജകൾ നിർവഹിച്ചു. ഒപ്പം പ്രാദേശിക വിദ്യാലയത്തിലെ കുട്ടികളോട് സംവദിക്കുകയും അവർക്ക് പ്രസാദം നൽകുകയും ചെയ്തു.

ഹിന്ദൂസ് ഫോർ ലേബർ ചെയർമാൻ ഡോ നീരജ് പാട്ടീൽ സ്റ്റർമാരുടെ നീക്കത്തെ സ്വാഗതം ചെയ്തു. വരാനിരിക്കുന്ന ലേബർ സർക്കാർ ഹിന്ദുക്കളെയും പരിഗണിക്കുമെന്നതിന്റെ ശക്തമായ സൂചനയാണിതെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

Content Highlight: No place for Hinduphobia in UK, says Labour leader

We use cookies to give you the best possible experience. Learn more