|

എഴുന്നള്ളിക്കാന്‍ അനുമതിയില്ല; കോഴിക്കോട് ആനയെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബാലുശ്ശേരിയില്‍ അനുമതിയില്ലാതെ ഉത്സവത്തിന് എഴുന്നള്ളിച്ച ആനയെ കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഉപാധികളോടെ ആനയെ ഉടമക്ക് കൈമാറി.

കോടതി ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണമെന്ന നിബന്ധനയിലാണ് ആനയെ വിട്ടുനല്‍കിയത്.

അടുത്തിടെ കോഴിക്കോട് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. അപകടത്തില്‍ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്. ആനയുടെ ചവിട്ടേറ്റാണ് ലീല മരിച്ചത്.മറ്റു രണ്ട് പേര്‍ കെട്ടിടം തകര്‍ന്ന് ശരീരത്തിലേക്ക് വീണതിനെ തുടര്‍ന്ന്മരിക്കുകയായിരുന്നു.

പീതാംബരന്‍ എന്ന ആന ഗോകുലെന്ന ആനയെ കുത്തിയതോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലേക്ക് ഘോഷയാത്ര വരുന്നതിനിടെ പരിസരത്ത് കതിന പൊട്ടിച്ചിരുന്നു. പിന്നാലെ പീതാംബരന്‍ ഗോകുല്‍ എന്ന ആനയെ കുത്തുകയായിരുന്നു.

നിലവില്‍ ഈ രണ്ട് ആനകള്‍ക്കും കോഴിക്കോട് ജില്ലയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിഷയം ഹൈക്കോടതി സ്വമേധയാ പരിഗണിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അനുമതിയില്ലാതെ ആനകളെ ഉത്സവത്തില്‍ എഴുന്നള്ളിപ്പിക്കരുതെന്നും ക്ഷേത്രങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനുള്ള അനുമതി കര്‍ശനമാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പില്‍ കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ആനകളുടെ എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് പൂര്‍ണമായും തടയാനുള്ള നീക്കമായാണ് ഉത്തരവിനെ മനസിലാക്കുന്നതെന്നും ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചിരുന്നു.

നാട്ടാന പരിപാലനവും ആനകളുടെ ഉത്സവത്തിനുള്ള എഴുന്നള്ളിപ്പും സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട ഹരജികളിലാണ് കോടതി ഉത്തരവ്. ഹൈക്കോടതി നിര്‍ദേശിച്ചത് പ്രകാരമുള്ള ആനകളുടെ സര്‍വേ അടക്കമുള്ള കാര്യങ്ങളാണ് കോടതി സ്റ്റേ ചെയ്തത്.

നാട്ടാനകളുടെ കണക്കെടുക്കണമെന്നും ഏതൊക്കെ ആനകളെ എഴുന്നള്ളിക്കാന്‍ അനുമതിയുണ്ട് എന്നതടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം ആവശ്യമാണെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

Content Highlight: No permission to parade; Forest Department takes elephant into custody in kozhikode

Video Stories