| Tuesday, 30th April 2024, 8:48 am

ബംഗാളില്‍ മോദിയുടെ റാലിയ്ക്ക് അനുമതിയില്ല; കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാളില്‍ പ്രധാനമന്ത്രി മോദി നയിക്കുന്ന ബി.ജെ.പി റാലിയ്ക്ക് അനുമതിയില്ലെന്ന് ആരോപണം. ബി.ജെ.പി പശ്ചിമ ബംഗാള്‍ നേതൃത്വമാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. മെയ് മൂന്നിന് നടക്കേണ്ട റാലിയ്ക്ക് മമത സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ലെന്ന് ബി.ജെ.പി പറയുന്നു.

ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും ഒരുപോലെ ഏറ്റുമുട്ടുന്ന ബര്‍ധമാന്‍-ദുര്‍ഗാപൂര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ബി.ജെ.പിയുടെ പ്രകടനത്തെ ഭയന്നുകൊണ്ടാണ് മുഖ്യമന്ത്രി മമത ബാനര്‍ജി റാലിയ്ക്ക് അനുമതി നല്‍ക്കാത്തതെന്നും നേതാക്കള്‍ ആരോപിച്ചു.

ബര്‍ധമാനിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും നേതാവുമായ ദിലീപ് ഘോഷാണ് ഇക്കാര്യങ്ങളെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. റാലിയ്ക്ക് അനുമതിയില്ലാത്തപക്ഷം നിയമനടപടിയുമായി കോടതിയെ സമീപിക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.

സംസ്ഥാനത്ത് ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്താന്‍ മമത ബാനര്‍ജി സമ്മതിക്കുന്നില്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി. നിലവില്‍ സര്‍ക്കാരിന്റെ നീക്കം ബി.ജെ.പി ഒരു രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മമത ബാനര്‍ജിയെയും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും ബി.ജെ.പി നേതാവ് സുവേന്ദു അധികാരി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന് സുവേന്ദു അധികാരി പറഞ്ഞു.

സന്ദേശ്ഖാലി അക്രമക്കേസില്‍ അറസ്റ്റിലായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്റെ വീട്ടുവളപ്പില്‍ നിന്ന് വിദേശ നിര്‍മിത ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇത്തരം ആയുധങ്ങളും സ്ഫോടക വസ്തുക്കളും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഷെയ്ഖിനെപ്പോലുള്ള തീവ്രവാദികളെ വളര്‍ത്തിയതിന് ശേഷം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ മമത ബാനര്‍ജിക്ക് അധികാരമില്ലെന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു.

Content Highlight: No permission for Modi’s rally in Bengal

We use cookies to give you the best possible experience. Learn more