| Monday, 30th September 2019, 12:07 pm

വീട്ടുതടങ്കലും അറസ്റ്റും; ചിന്മയാനന്ദിനെതിരെ പ്രതിഷേധിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷാജഹാന്‍പുര്‍: ലൈംഗികാക്രമണക്കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടുതടങ്കലില്‍. ചിന്മയാനന്ദിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ നിന്ന് ലഖ്‌നൗവിലേക്കു സംഘടിപ്പിക്കാനിരുന്ന മാര്‍ച്ചിനിടെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

പാര്‍ട്ടി നേതാവ് ജിതിന്‍ പ്രസാദയെ വീട്ടുതടങ്കലിലാക്കിയ പൊലീസ്, മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി. ഷാജഹാന്‍പുരിലേക്കുള്ള അതിര്‍ത്തികള്‍ പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങളെ തടഞ്ഞത് നിയമലംഘനമല്ലേയെന്ന് ചോദിച്ച് ജിതിന്‍ പ്രസാദ ഒരു ശബ്ദരേഖ പുറത്തുവിട്ടിട്ടുണ്ട്.

യോഗി ആദിത്യനാഥ് സര്‍ക്കാരിനു കീഴില്‍ ജനാധിപത്യമില്ലെന്നായിരുന്നു മറ്റൊരു നേതാവായ അജയ് കുമാര്‍ ലല്ലുവിന്റെ ആരോപണം. ലല്ലുവിനെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിലെ മുറിയില്‍ നിന്ന് പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

ഇന്നലെ പെണ്‍കുട്ടിയെ നേരില്‍പ്പോയിക്കണ്ട പ്രതിനിധിസംഘത്തില്‍ ലല്ലുവുമുണ്ടായിരുന്നു.

കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിച്ചുപറി ആരോപിച്ച് ചിന്മയാനന്ദിന്റെ വിശ്വസ്തര്‍ നല്‍കിയ പരാതിയിലായിരുന്നു അറസ്റ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചെരിപ്പ് പോലും ഇടാന്‍ സമ്മതിക്കാതെ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയതായി ബന്ധുക്കള്‍ ആരോപിച്ചു. നാലുദിവസമാണ് പെണ്‍കുട്ടി ജയിലില്‍ക്കിടന്നത്.

ചിന്മയാനന്ദിന്റെയും പെണ്‍കുട്ടിയുടെയും ജാമ്യാപേക്ഷകള്‍ ഷാജഹാന്‍പുര്‍ കോടതി ഇന്നു പരിഗണിക്കും. ഈമാസമാദ്യമാണ് ചിന്മയാനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാക്രമണത്തിനും അധികാര ദുര്‍വിനിയോഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more