| Wednesday, 17th May 2023, 8:02 pm

തിയേറ്ററില്‍ ആളുകളില്ലാത്തത് പുതിയ പ്രശ്‌നമല്ല: ഇന്ദ്രന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററുകളില്‍ സിനിമ കാണാന്‍ ആളുകളെത്തുന്നില്ല എന്നത് പുതിയ കാര്യമല്ലെന്നും മുന്‍കാലങ്ങളിലും ഈ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും നടന്‍ ഇന്ദ്രന്‍സ്. ചില സമയത്ത് നല്ല സിനിമകളാണെങ്കില്‍ കൂടി ആളുകള്‍ കാണാന്‍ വരാറില്ലെന്നും അത് വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘തീയറ്ററില്‍ ആളുകള്‍ വരുന്നില്ല, സിനിമ കാണാന്‍ ആളില്ല എന്നീ പ്രശ്നങ്ങള്‍ എല്ലാ കാലത്തും മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ചിലപ്പോള്‍ എല്ലാ സിനിമകള്‍ക്കും ഭയങ്കര തിരക്കായിരിക്കും. ചിലപ്പോള്‍ നല്ല സിനിമകളാണെങ്കില്‍ കൂടി അതിന് തിരക്കുണ്ടാവില്ല. അത് വളരെ വിഷമമുള്ള കാര്യമാണ്. എന്തുകൊണ്ടാണിങ്ങനെ എന്ന് ഇപ്പോഴും നമുക്ക് അറിയില്ല. തൊണ്ണൂറുകളുടെ തുടക്കത്തിലും ഇങ്ങനെ തന്നെ ആയിരുന്നു. ചിലപ്പോള്‍ സിനിമകളൊക്കെ താഴ്ന്ന് ഇരിക്കുന്ന ഒരു സമയത്ത് ഒരു സിനിമ നന്നായി ഓടിയാല്‍ പിന്നെ കുറച്ച് ദിവസത്തേക്ക് നല്ല സിനിമകളല്ലെങ്കില്‍ കൂടി ആളുകള്‍ കാണാറുണ്ട്. ഒരു ഉത്സവം പോലെയാണിത്. ഒന്ന് ഇളക്കി വിട്ടാല്‍ മതി,’ ഇന്ദ്രന്‍സ് പറഞ്ഞു.

അതേസമയം, ഒരു കാലത്ത് ആളുകള്‍ തീയറ്ററില്‍ പോവാത്തത് കാസറ്റ്, സി.ഡിയൊക്കെ വഴി സിനിമ കാണാന്‍ അവസരം ലഭിക്കുന്നത് കൊണ്ടാണെന്ന് താന്‍ കേട്ടിട്ടുണ്ടെന്ന് നടി ചിന്നു ചാന്ദ്നി പറഞ്ഞു. ‘ഇപ്പോള്‍ നമ്മള്‍ ഒ.ടി.ടി യുടെ കാര്യം പറയുന്നത് പോലെ ഒരു സമയത്ത് കാസറ്റ്, സി.ഡിയൊക്കെയായിരുന്നു. ആ സമയത്ത് ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു ആളുകള്‍ തീയറ്ററില്‍ പോവാത്തത് കാസറ്റ്, സി.ഡിയൊക്കെ വഴി നമുക്ക് സിനിമ കാണാന്‍ അവസരം ലഭിക്കുന്നത് കൊണ്ടാണെന്ന്,’ചിന്നു ചാന്ദ്നി പറഞ്ഞു.

എന്നാല്‍, തീയേറ്ററില്‍ മാത്രം കാണാന്‍ കഴിയുന്ന ഒരു മാജിക് ഉണ്ടെന്നും അത് ഞങ്ങള്‍ പൂര്‍ണമായും ഈ സിനിമയില്‍ ഒരുക്കിയിട്ടുണ്ടെന്നും ജാക്‌സണ്‍ ബസാര്‍ യൂത്തിന്റെ സംവിധായകന്‍ ഷമല്‍ സുലൈമാന്‍ പറഞ്ഞു. ‘തീയറ്ററില്‍ വര്‍ക്ക് ആവുന്ന ഒരു മാജിക് ഉണ്ട്. ആ മാജിക് പൂര്‍ണമായും ചെയ്ത് വെച്ചിട്ടുണ്ടെന്നാണ് നമ്മള്‍ വിശ്വസിക്കുന്നത്. പക്ഷേ അത് തീരുമാനിക്കുന്നത് നമ്മളല്ല ജനങ്ങളാണ്,’ ഷമല്‍ സുലൈമാന്‍ പറഞ്ഞു.

ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത് ലുക്മാന്‍ അവ്റാന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ചിന്നു ചാന്ദ്നി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ജാക്സണ്‍ ബസാര്‍ യൂത്ത്.

content highlights: No people in theater is not a new problem: Indrans

We use cookies to give you the best possible experience. Learn more