| Tuesday, 15th May 2012, 9:39 am

കൂടംകുളം നിവാസികള്‍ക്ക് പാസ്‌പോര്‍ട്ടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കൂടംകുളം ആണവോര്‍ജ്ജ നിലയത്തിന് സമീപപ്രദേശത്തുള്ള യുവാക്കള്‍ക്ക് വിദേശ യാത്ര പോലീസ് നിഷേധിക്കുന്നതായി പരാതി. വിദേശത്ത് പോകാനായി അപേക്ഷിക്കുന്ന യുവാക്കള്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുന്നില്ലെന്നാണ് പരാതി. ചെന്നൈയില്‍ നടന്ന ഒരു പൊതുവിചാരണയിലാണ് യുവാക്കള്‍ പോലീസിന്റെ പ്രതികാര നടപടികള്‍ വെളിവാക്കിയത്.

കൂടംകുളം, ജനാധിപത്യ അവകാശത്തിനുമേലുള്ള സംസ്ഥാനത്തിന്റെ അടിച്ചമര്‍ത്തല്‍ എന്ന പൊതുവിചാരണ വേളയില്‍ പങ്കെടുത്ത ഒരു ഡസനോളം യുവാക്കളാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിശദീകരിച്ചത്. ആണവോര്‍ജ്ജത്തിനെതിരെ സമരം നടന്ന പ്രദേശമാണിതെന്നതിനാല്‍ തങ്ങള്‍ക്ക് പോലീസിന്റെ ഭാഗത്ത് നിന്ന് ക്രൂരമായ പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്നും ഇവര്‍ വെളിപ്പെടുത്തി.

222 ദിവസം മുമ്പ് ഈ പ്രതിഷേധ സമരം ആരംഭിച്ചതുമുതല്‍ ഇവിടുത്തെ ജനങ്ങള്‍ക്ക് ഉറക്കിമില്ലാത്ത രാത്രികളായിരുന്നെന്ന് ഇടിന്തക്കരൈയിലെ ജോസഫ് പറഞ്ഞു. കൂടംകുളം ആണവനിലയത്തില്‍ നിന്നും ഒരു ഫര്‍ലോംഗ് ദൂരെയാണ് ജോസഫിന്റെ വീട്.

ഇവിടുത്തെ ജനങ്ങളെ കള്ളക്കേസുകളില്‍ കുടുക്കിയത് സംബന്ധിച്ച് തന്റെ പക്കല്‍ തെളിവുകളുണ്ടെന്ന് കൂടുപുലിയിലെ ജോസഫൈന്‍ ജയ പറഞ്ഞു. ഇലക്ഷന്‍ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഒരു ടീച്ചറെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കി. കപ്പലിലും മറ്റിടങ്ങളിലും ജോലി ചെയ്യുന്ന ഇവിടുത്തുകാര്‍ക്കും ഇതേ ദുരനുഭവം തന്നെയാണ് നേരിടേണ്ടിവരുന്നതെന്നും അവര്‍ വ്യക്തമാക്കി.

പരീക്ഷാഹാളിലെത്താന്‍ തന്നെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് കോളേജ് വിദ്യാര്‍ഥിയായ ജെനെസ് പറയുന്നത്. ബസ് കയറാന്‍ വേണ്ടി അഞ്ച് കിലോമീറ്റര്‍ നടക്കേണ്ടി വന്നു. എപ്പോഴാണ് പോലീസ് പിടിച്ചുകൊണ്ടുപോവുകയെന്നറിയാതെ ഭീതിയിലാണ് ഇവിടുത്തെ യുവാക്കള്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ ബസ് സര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ ജോലി കഴിഞ്ഞ് വീട്ടിലെത്താന്‍ ഓട്ടോക്കാരെയാണ് തങ്ങള്‍ക്ക് ആശ്രയിക്കേണ്ടി വരുന്നതെന്ന് മത്സ്യത്തൊഴിലാളിയായ നിഷാന്ത് പറയുന്നു. 5 രൂപ ബസ്ചാര്‍ജ് നല്‍കിയാല്‍ എത്താവുന്ന സ്ഥലത്തേക്ക് 200 രൂപയാണ് ഓട്ടോക്കാര്‍ രാത്രി തങ്ങളോട് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചെന്നും നിരവധി കേസുകള്‍ തങ്ങള്‍ക്കുമേല്‍ കെട്ടിവെച്ചെന്നും മാര്‍ച്ച് 19ന് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന മേരി തെരേസ പറയുന്നു. ഗ്രാമവാസികളെ ഐ.പി.സി 124(    a) രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചുവെന്നാണ് ഭൂരിപക്ഷം ഗ്രാമവാസികളും നല്‍കിയ പരാതിയില്‍ പറയുന്നത്. മുന്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.പി ഷാ, അഡ്വ. ഗീത റാംസേഷന്‍, ലോകായുക്ത കോളേജിലെ പ്രഫ പ്രഭ കല്‍വിമണി എന്നിവരുടെ മുമ്പാകെയായിരുന്നു പൊതുവിചാരണ നടന്നത്.

മാധ്യമപ്രവര്‍ത്തകരില്‍ നിന്നും സംഘം മൊഴി ശേഖരിച്ചിരുന്നു. തന്റെ 50 വര്‍ഷത്തെ അനുഭവത്തില്‍ ഇടിന്തക്കരൈയില്‍ നടന്നതുപോലെ സമാധാനപരമായ ഒരു സമരം താന്‍ കണ്ടിട്ടില്ലെന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ സാം രാജപ്പ പറഞ്ഞത്. റഷ്യന്‍ ഇന്റലിജന്‍സിന്റെ ഉപദേശപ്രകാരം ഐ.ബി നല്‍കുന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണോ പോലീസ് പ്രവര്‍ത്തിക്കുന്നത് എന്ന് തോന്നും വിധമായിരുന്നു കൂടംകുളം സമരക്കാരെ ഇവര്‍ കൈകാര്യം ചെയ്തതെന്ന് മുന്‍ ഐ.എ.എസ് ഓഫീസറും സാമൂഹ്യപ്രവര്‍ത്തകനുമായ എം.ജി ദേവസഹായം പറഞ്ഞു.

We use cookies to give you the best possible experience. Learn more