ന്യൂദല്‍ഹി: റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി. രാഹുലിന്റെ കുടുംബം അഴിമതി കുടുംബമാണെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍പ്രസാദ് ആരോപിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കൊപ്പം അന്വേഷണം നേരിടുന്ന ആളാണ് രാഹുലെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
“ഇതുവരെ ഒരു പാര്‍ട്ടി പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിട്ടില്ല. രാഹുലില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നില്ല. യാതൊരു യോഗ്യതയും കഴിവും ഇല്ലാത്തയാളാണ് രാഹുല്‍.”
ആരോപണത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം നടത്തണമെന്നുള്ള ആവശ്യവും രവിശങ്കര്‍പ്രസാദ് നിരാകരിച്ചു. ” തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു നേതാവിന് ആ അന്വേഷണം തൃപ്തികരമായിരിക്കില്ല” എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
പാകിസ്താന്റെയും ചൈനയുടെയും താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചാണ് രാഹുല്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ രാജ്‌നാഥ് സിംഗും രാഹുലിനെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തമായ തെളിവില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നായിരുന്നു രാഹുല്‍ ഗാന്ധിയോട് രാജ്‌നാഥ് സിംഗ് പറഞ്ഞത്.
രാജ്യത്തിന്റെ കാവല്‍ക്കാരനായ പ്രധാനമന്ത്രി നരേന്ദ്രമോദി കള്ളനാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.
ALSO READ: റാഫേല്‍ ഇടപാട്; രാഹുലിന്റേത് അടിസ്ഥാനരഹിതമായ ആരോപണമെന്ന് രാജ്‌നാഥ് സിംഗ്
ഓരോ ദിവസവും പ്രതിരോധമന്ത്രി പുതിയ പുതിയ കള്ളങ്ങള്‍ പറയുകയാണ്. ചരിത്രത്തിലാദ്യമായി ഒരു ഫ്രഞ്ച് മുന്‍ പ്രസിഡന്റ് നമ്മുടെ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
യുവാക്കളുടെ പോക്കറ്റില്‍ നിന്ന് പണമെടുത്ത് അംബാനിക്ക് നല്‍കുകയാണ് മോദി ചെയ്തിരിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മുന്‍ ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞത് സത്യമാണോ അല്ലെങ്കില്‍ തെറ്റാണോയെന്ന് പ്രധാനമന്ത്രി വിശദമാക്കണം. അദ്ദേഹം ഇതുവരെ യാതൊന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ ചൂണ്ടിക്കാണിച്ചിരുന്നു.
WATCH THIS VIDEO: