ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് കൊറോണ വൈറസ് വ്യാപനം തടയാന്‍ ശീതകാല സമ്മേളനം ഒഴിവാക്കുകയാണെന്ന് പറഞ്ഞത്.
കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായാണ് ശീതകാല സമ്മേളനം ഉപേക്ഷിച്ച വിവരം പ്രഹ്ലാദ് ജോഷി അറിയിച്ചത്.
എല്ലാ പാര്‍ട്ടികളും തീരുമാനത്തെ അനുകൂലിച്ചെന്നാണ് പ്രഹ്ലാദ് ജോഷി പറഞ്ഞത്. ഇതിന് പിന്നാലെ നിര്‍ണായകമായ തീരുമാനം തങ്ങളെ അറിയിക്കാതെയാണ് എടുത്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടയിലാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.
പാര്‍ലമെന്റിലെ ശീതകാല സമ്മേളനത്തില്‍ കര്‍ഷക സമരം ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് കേന്ദ്രം തീരുമാനം അറിയിച്ചിരിക്കുന്നത്. സെപ്തംബറില്‍ നടന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലാണ് കാര്‍ഷിക ബില്ലുള്‍പ്പെടെ 27 ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയത്.
ദല്‍ഹിയില്‍ കൊവിഡ് കേസുകള്‍ കൂടുന്നതിനാലാണ് സമ്മേളനം നീട്ടിവെക്കുന്നതെന്നാണ് കേന്ദ്രമന്ത്രി നല്‍കുന്ന വിശദീകരണം. ആറുമാസത്തിലൊരിക്കല്‍ പാര്‍ലമെന്റ് സമ്മേളനം ചേരണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. താരതമ്യേന രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നതനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ശീതകാല സമ്മേളനം റദ്ദ് ചെയ്യുന്നത്.