ടെൽ അവീവ്: സമ്പൂർണ വിജയത്തിൽ കുറഞ്ഞതൊന്നും ഇസ്രഈലിന്റെ മുമ്പിലില്ലെന്ന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഗസയിലെ ആക്രമണങ്ങൾ അവസാനിപ്പിച്ച് ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ പിന്തുണക്കണമെന്ന യു.എസിന്റെ നിർദേശം തള്ളികൊണ്ടായിരുന്നു നെതന്യാഹുവിന്റെ പരാമർശം.
കഴിഞ്ഞ വാരം ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കുമ്പോൾ ഇസ്രഈലിന്റെ യഥാർത്ഥ സുരക്ഷയിലേക്കുള്ള മാർഗ്ഗം ഫലസ്തീൻ രാഷ്ട്രത്തിന്റെ രൂപീകരണമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞിരുന്നു.
ഇസ്രഈലി ജനങ്ങൾക്കെതിരെ യാതൊരു തീവ്രവാദ പ്രവർത്തനവും നടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ജോർദാൻ നദിയുടെ പടിഞ്ഞാറൻ മേഖലയിലെ മുഴുവൻ പ്രദേശത്തും ഇസ്രഈലിന്റെ സുരക്ഷാ നിയന്ത്രണം നിലനിർത്തുമെന്ന് നെതന്യാഹു പറഞ്ഞു.
‘സമ്പൂർണ വിജയത്തിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് വേണ്ട. അത് ഫലസ്തീന്റെ പരമാധികാരത്തിന് വിരുദ്ധമായിരിക്കും. ഞങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും?
ഇത് ഞാൻ നമ്മുടെ അമേരിക്കൻ സുഹൃത്തുക്കൾക്ക് വിശദീകരിച്ചു കൊടുത്തതാണ്. ഇസ്രഈൽ രാഷ്ട്രത്തെ അപകടപ്പെടുത്തുന്ന യാഥാർഥ്യത്തിലേക്ക് നയിക്കുന്നതിനെ ഞാൻ തടയുന്നു,’ ടെൽ അവീവിൽ നടന്ന വാർത്താ സമ്മേളനത്തിൽ നെതന്യാഹു പറഞ്ഞു.
അതേസമയം ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുകയല്ലാതെ ഇസ്രഈൽ – ഫലസ്തീൻ സംഘർഷത്തിന് പരിഹാരം കാണാൻ സാധിക്കില്ലെന്ന നിലപാട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് വക്താവ് മാത്യു മില്ലർ കഴിഞ്ഞ ദിവസവും ആവർത്തിച്ചു.
Content Highlight: No Palestinian state – Netanyahu