ബാലാക്കോട്ട് ആക്രമണത്തില്‍ ഒറ്റ പാകിസ്ഥാന്‍ പൗരനും കൊല്ലപ്പെട്ടിട്ടില്ല: സുഷമാ സ്വരാജ്
national news
ബാലാക്കോട്ട് ആക്രമണത്തില്‍ ഒറ്റ പാകിസ്ഥാന്‍ പൗരനും കൊല്ലപ്പെട്ടിട്ടില്ല: സുഷമാ സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th April 2019, 9:23 pm

അഹമ്മദാബാദ്: പാകിസ്ഥാനിലെ ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പാകിസ്ഥാന്‍ പൗരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. അഹമ്മദാബാദില്‍ സംസാരിക്കവെയാണ് സുഷമാസ്വരാജിന്റെ വാക്കുകള്‍.

‘പുല്‍വാമ ആക്രമണത്തിന് ശേഷം അതിര്‍ത്തിക്കപ്പുറത്ത് നമ്മള്‍ വ്യോമാക്രമണം നടത്തി. സ്വയം പ്രതിരോധമെന്ന നിലയ്ക്കാണ് തിരിച്ചടിച്ചതെന്ന് അന്താരാഷ്ട്ര സമൂഹത്തോട് നമ്മള്‍ പറഞ്ഞിരുന്നു. ഒരു പാകിസ്ഥാനി പട്ടാളക്കാരനെയോ അവിടത്തെ പൗരനെയോ ലക്ഷ്യം വെച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തോട് പറഞ്ഞിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങള്‍ മാത്രം ആക്രമിക്കാനാണ് നിര്‍ദേശം നല്‍കിയത്. നമ്മുടെ സൈന്യം നിര്‍ദേശം നല്‍കിയത് പോലെ തന്നെ അവിടത്തെ പട്ടാളക്കാരെയോ പൗരന്മാരെയോ അക്രമിക്കാതെ നിര്‍ദ്ദേശം നടപ്പിലാക്കി’ സുഷമാ സ്വരാജ് പറഞ്ഞു.

ബാലാകോട്ട് ആക്രമണത്തില്‍ 300 ലധികം ഭീകരവാദികളെ കൊലപ്പെടുത്തിയെന്ന ബി.ജെ.പിയുടെ അവകാശവാദത്തിന് കടകവിരുദ്ധമായാണ് സുഷമാ സ്വരാജിന്റെ വാക്കുകള്‍.