തൃണമൂലിനെയും ബി.ജെ.പിയേയും മറികടക്കാന്‍ സി.പി.ഐ.എമ്മുമായി സഖ്യം വേണം; ബംഗാള്‍ കോണ്‍ഗ്രസ്
national news
തൃണമൂലിനെയും ബി.ജെ.പിയേയും മറികടക്കാന്‍ സി.പി.ഐ.എമ്മുമായി സഖ്യം വേണം; ബംഗാള്‍ കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd June 2018, 10:38 am

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മറികടക്കാന്‍ ഇടതുപാര്‍ട്ടികളുമായി കൂട്ടുകൂടണമെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒ.പി. മിശ്ര ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു.

സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയുമുയര്‍ത്തുന്ന പ്രതിസന്ധി നേരിടാന്‍ ഇടതുപാര്‍ട്ടികളുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ് വിശദീകരിക്കുന്നു.

ബംഗാളില്‍ തൃണമൂലും ബി.ജെ.പിയും ഒഴികെയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് ബംഗാള്‍ പാര്‍ട്ടി അധ്യക്ഷന്‍ അധിര്‍ രഞ്ചന്‍ ചൗധരി കഴിഞ്ഞമാസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.


ALSO READ: രാഷ്ട്രീയത്തിലേക്കില്ല; സര്‍ക്കാര്‍ നല്‍കുന്ന സ്ഥാനമാനങ്ങളും വേണ്ട; ജസ്റ്റിസ് ജെ.ചെലമേശ്വര്‍


ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് പാര്‍ട്ടി ഓഫീസ് തുറക്കണമെന്നും സി.പി.എമ്മുമായി ചേര്‍ന്ന് ഭരണം പിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമല്ല 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

സഖ്യത്തിന് പൊതുവായി കൊല്‍ക്കത്ത, ആസന്‍സോള്‍, സിലിഗുരി എന്നിവിടങ്ങളില്‍ കേന്ദ്രീകൃത ഓഫീസുകള്‍, വെബ്സൈറ്റ്, ഫെയ്സ്ബുക്ക് പേജ്, ട്വിറ്റര്‍ അക്കൗണ്ട് എന്നിവയും ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മാത്രമല്ല തൃണമൂലിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തനത്തെ മറികടക്കാന്‍ ഒക്ടോബറിനുള്ളില്‍ കുറഞ്ഞത് 50,000 വൊളന്റിയര്‍മാരുടെ പ്രത്യേക സംഘമുണ്ടാക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.