ഐസൊലോഷന്‍ വാര്‍ഡില്‍ കഴിയുന്ന ആറ് പേര്‍ക്കും നിപയില്ല; പരിശോധനാഫലം ലഭിച്ചെന്ന് ആരോഗ്യമന്ത്രി
കൊച്ചി: കൊച്ചിയിലെ നിപ രോഗിയുമായി അടുത്ത് ഇടപഴകിയ നഴ്സുമാര്‍ അടക്കം ആറു പേര്‍ക്കും നിപ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തിലാണ് ടെസ്റ്റിന് അയച്ച ആര്‍ക്കും നിപയല്ലെന്ന് വ്യക്തമായത്. രോഗം സംശയിച്ചിരുന്ന ആറ് പേര്‍ക്കും നിപയില്ലെന്നും ചികിത്സയിലുള്ള യുവാവിന്റെ നില പുരോഗമിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
നെഗറ്റീവ് ആണെന്ന് പറഞ്ഞവരടക്കം ഏഴ് പേര്‍ ഇപ്പോള്‍ ഐസലോഷന്‍ വാര്‍ഡിലുണ്ടെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രണ്ട് പേര്‍ നിരീക്ഷണത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുള്ളൂവെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടിലൂടെ കൂടുതല്‍ പേരിലേക്ക് നിപ പകരില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും നിരീക്ഷണ സംവിധാനം കര്‍ശമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പറഞ്ഞു. ആരോഗ്യമന്ത്രിയുമായി സെക്രട്ടറിയുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിരീക്ഷണ സംവിധാനങ്ങള്‍ അതേപടി തുടരുമെന്നാണ് അറിയുന്നത്. കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയും തൃപ്തികരമാണെന്ന് ഡോക്ടര്‍മാരും അറിയിച്ചിട്ടുണ്ട്.