| Tuesday, 30th January 2018, 8:23 pm

ഓറഞ്ച് പാസ്പോര്‍ട്ടില്ല, നിലവിലെ രീതി തന്നെ പിന്തുടരും; തീരുമാനത്തില്‍ നിന്ന് പിന്മാറി കേന്ദ്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ട് നിറങ്ങളില്‍ പാസ്പോര്‍ട്ട് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറുന്നു. നീക്കത്തിനെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. പാസ്‌പോര്‍ട്ട് നല്‍കുന്നതിന് നിലവിലെ രീതി തന്നെ പിന്തുടരും.  കൂടാതെ പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ വിലാസം നല്‍കുന്നത് തുടരാനും തീരുമാനമായി.

ഇനിമുതല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള പാസ്പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറവും മറ്റുള്ളവയ്ക്ക് നീല നിറവും നല്‍കാന്‍ കേന്ദ്രം ഉത്തരവിട്ടിരുന്നു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ ഔദ്യോഗിക പാസ്പോര്‍ട്ടുകളൊഴികെ ബാക്കിയെല്ലാത്തരം പാസ്പോര്‍ട്ടുകള്‍ക്കും കടും നീല നിറമാണുള്ളത്.

പൗരന്മാരെ രണ്ട് തരക്കാരായി മാറ്റുമെന്ന ഈ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉണ്ടായത്. പാസ്പോര്‍ട്ടിന്റെ നിറംമാറ്റല്‍ പൗരന്‍മാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമെന്നും നടപടിയില്‍ വിശദീകരണം നല്‍കണമെന്നും കേന്ദ്രത്തോട് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഗള്‍ഫില്‍ തൊഴില്‍ തേടി പോകുന്ന സാധാരണക്കാരെ ഈ പുതിയ മാറ്റം ഗുരുതരമായി ബാധിക്കും. മാത്രമല്ല തുല്യതയ്ക്കുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റമാണിതെന്നും കോടതി ചൂണ്ടിക്കാട്ടി

We use cookies to give you the best possible experience. Learn more