World News
ആരെയും വിടില്ല; ഏപ്രില്‍ രണ്ട് മുതല്‍ രാജ്യങ്ങള്‍ക്ക് തുല്യനിരക്കില്‍ തീരുവ ചുമത്താനൊരുങ്ങി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 06, 02:59 am
Thursday, 6th March 2025, 8:29 am

വാഷിങ്ടണ്‍: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ഏപ്രില്‍ രണ്ട് മുതല്‍ അതേ അളവില്‍ തീരുവ ചുമത്തി തിരിച്ചടിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ ചുമത്തുന്ന ഉയര്‍ന്ന തീരുവ അന്യായമാണെന്നും ട്രംപ് പറഞ്ഞു.

യു.എസ് കോണ്‍ഗ്രസ് സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡൊണാള്‍ഡ് ട്രംപ്. കാലങ്ങളായി മറ്റുരാജ്യങ്ങള്‍ അമേരിക്കയ്‌ക്കെതിരെ തീരുവ ചുമത്തി വരികയാണെന്നും നിലവില്‍ അമേരിക്കയുടെ ഊഴമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ യു.എസ് ചുമത്തുന്നതിനേക്കാള്‍ ഉയര്‍ന്ന് തീരുവയാണ് ചുമത്തിവരുന്നതെന്നും ഇത് അന്യായമാണെന്നും പറഞ്ഞ ട്രംപ്, ഇന്ത്യ അമേരിക്കയില്‍ നിന്നുമുള്ള വാഹനങ്ങള്‍ക്ക് 100 ശതമാനത്തിലധികമാണ് തീരുവ ചുമത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ഉത്പന്നങ്ങള്‍ക്ക് ചൈന രണ്ട് മടങ്ങ് തീരുവ ചുമത്തുന്നുണ്ടെന്നും ദക്ഷിണ കൊറിയ ചുമത്തുന്നത് നാല് മടങ്ങാണെന്നും രാജ്യത്തിന് വളരെ വലിയ തോതില്‍ സൈനിക സഹായം അമേരിക്ക ഉറപ്പാക്കിയിരുന്നുവെന്നും എന്നിട്ടും തങ്ങളോട് ചെയ്യുന്നതിതാണെന്നും ട്രംപ് പറഞ്ഞു.

തീരുവ ചുമത്തുന്ന കാര്യത്തില്‍ ശത്രുക്കളും സുഹൃത്തുക്കളും ഒരുപോലെയാണെന്നും ഈ സംവിധാനം അമേരിക്കയ്ക്ക് നല്ലതല്ലെന്നും അമേരിക്കയെ വിപണിയില്‍ അനുവദിക്കാന്‍ പോലും രാജ്യങ്ങള്‍ സമ്മതിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇത്തരം രാജ്യങ്ങള്‍ക്കെതിരെ തീരുവ ചുമത്തുന്നത് വഴി ദശലക്ഷക്കണക്കിന് ഡോളര്‍ രാജ്യത്തിന് ലഭിക്കുമെന്നും അതിലൂടെ കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലേറിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡ, മെക്സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ വ്യാപകമായ തീരുവ ചുമത്തിയിരുന്നു. കാനഡയില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള മിക്ക ഇറക്കുമതികള്‍ക്കും 25% തീരുവയും ചുമത്തുന്നതും ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കുള്ള തീരുവ 10% ല്‍ നിന്ന് 20% ആയി ഇരട്ടിയാക്കുകയും ചെയ്തിരുന്നു.

Content Highlight: No one will be spared; Trump is going to impose equal tariffs on countries from April 2