ചെന്നൈ: പൊതുസമാധാനത്തിനും സ്വസ്ഥതയ്ക്കും ഭംഗം വരുത്തുന്ന പ്രതിഷേധങ്ങള്‍ അനുവദിക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സാമുദായിക ഐക്യം തകര്‍ക്കാന്‍ ആരെയും സമ്മതിക്കില്ലെന്നും ഭാരത് ഹിന്ദു മുന്നണി നല്‍കിയ ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.
മധുരയിലെ തിരുപ്പറകുന്ദ്രത്ത് അടുത്തിടെ നടന്ന സംഭവങ്ങളില്‍ അപലപിച്ച് ഘോഷയാത്ര സംഘടിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.
നാനാത്വത്തില്‍ ഏകത്വം രാജ്യത്തിന്റെ ശക്തിയാണെന്നും വിവിധ മതങ്ങള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കാശിവിശ്വനാഥര്‍ ക്ഷേത്രവും സിക്കന്ദര്‍ ദര്‍ഗയും സ്ഥിതി ചെയ്യുന്ന തിരുപ്പാറകുന്ദ്രം കുന്നുകള്‍ ദര്‍ഗയില്‍ മൃഗബലി നിരോധിച്ചതിനെത്തുടര്‍ന്നായിരുന്നു തിരുപ്പറകുന്ദ്രത്ത് പ്രശ്‌നങ്ങളുണ്ടായത്. ഇവിടെ മാസാഹാരം കയറ്റിയെന്നാരോപിച്ച് ഹിന്ദുസംഘടനകള്‍ രംഗത്തെത്തുകയും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ട് ഹരജി നല്‍കുകയുമായിരുന്നു.
വേലും വഹിച്ചുകൊണ്ട് ഘോഷയാത്ര നടത്താന്‍ മുന്നണിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കന്‍ ചെന്നൈയിലെ ഭാരത് ഹിന്ദു മുന്നണി ഡെപ്യൂട്ടി ജില്ലാ പ്രസിഡന്റ് എസ് യുവരാജ് പൊലീസ് കമ്മീഷണര്‍ക്കും പൊലീസ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസിനും നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
സ്ഥലത്തെ സംഭവത്തില്‍ കക്ഷികള്‍ക്കിടയില്‍ ആര്‍.ഡി.ഒ മുമ്പാകെ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും അതിനാല്‍ ഇതേ സംഭവത്തില്‍ അപലപിച്ച് ചെന്നൈയില്‍ മറ്റൊരു പ്രകടനത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജി.കെ ഇളന്തിരയന്റേതാണ് നിരീക്ഷണം.
Content Highlight: No one will be allowed to disturb public peace and communal harmony; Madras High Court dismisses Hindu Munni plea