ന്യൂദല്‍ഹി: കൊവിഡ് മഹാമാരി സമയത്ത് രാജ്യത്തെ ഒരു പൗരന്‍ പോലും പട്ടിണി കിടക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാവപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്നും മോദി അവകാശപ്പെട്ടു. 50 കോടി വാക്‌സിനേഷന്‍ എന്ന നാഴികക്കല്ലിലേക്ക് രാജ്യം നീങ്ങുകയാണെന്നും മോദി പറഞ്ഞു.
ഗരീബ് കല്യാണ്‍ യോജന ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന് പുറമേ 80 കോടി ആളുകള്‍ക്ക് ഇരട്ടി റേഷന്‍, സൗജന്യ ധാന്യങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് പറഞ്ഞു.
പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ 2 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം മിക്കവാറും എല്ലാ സര്‍ക്കാരുകളും പാവങ്ങള്‍ക്ക് കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചെങ്കിലും പട്ടിണിയും പോഷകാഹാരക്കുറവും കുറഞ്ഞില്ലെന്നും
ഫലപ്രദമായ വിതരണ സംവിധാനത്തിന്റെ അഭാവമായിരുന്നു ഇതിന് കാരണമെന്നും പറഞ്ഞ മോദി 2014 ലോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നെന്നും അവകാശപ്പെട്ടു.