ബെംഗളൂരു: ഐ.പി.എല്‍ മെഗാതാരലേലത്തിന് ബെംഗളൂരുവില്‍ സമാപനം. രണ്ട് ദിവസം നീണ്ടുനിന്ന ലേലത്തിനാണ് അവസാനമായത്.
തിരിച്ചുവരവ് കാത്തിരുന്ന എസ്. ശ്രീശാന്തിന് നിരാശ. 50 ലക്ഷം അടിസ്ഥാന വിലയില്‍ മെഗാ ലേലത്തിലേക്കെത്തിയ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറാകാതിരുന്നതോടെ താരം അണ്‍സോള്‍ഡായിരിക്കുകയാണ്. ലേലത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ശ്രീശാന്തിന്റെ പേര് രണ്ടു ദിവസത്തെയും ലേലത്തിനുള്ള പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചില്ല.
മുന്‍ ഇന്ത്യന്‍ താരത്തിന്റെ പേര് ലേലത്തില്‍ ചര്‍ച്ചയായത് പോലുമില്ല. ഒത്തുകളി വിവാദത്തെത്തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ശ്രീശാന്ത് അവസാന വര്‍ഷമാണ് കേരളത്തിനായി കളിച്ച് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയത്.
തനിക്ക് എല്ലാം നഷ്ടമായ വേദിയില്‍ തിരിച്ചെത്താന്‍ ശ്രീശാന്ത് അതിയായി ആഗ്രഹിക്കുകയും ഇത്തവണ വലിയ പ്രതീക്ഷ വെക്കുകയും ചെയ്തെങ്കിലും 39കാരനായ ശ്രീശാന്തിനെ വാങ്ങാന്‍ ആരും തയ്യാറായില്ല.
അതേസമയം, 204 താരങ്ങളാണ് വിവിധ ടീമുകളിലായി കളിക്കുക. ഇതില്‍ 137 താരങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ നിന്നാണ്. 67 ഓവര്‍സീസ് താരങ്ങള്‍. 551.7 കോടിയാണ് മൊത്തത്തില്‍ ചെലവഴിച്ചത്.
രണ്ടാം ദിനത്തിലെ ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക നേടിയത് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ലിയാം ലിവംഗ്സ്റ്റനാണ്. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 11.50 കോടി രൂപയ്ക്കാണ് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത്.
CONTENT HIGHLIGHTS: No one was willing to buy Sreesanth; IPL megastar auction comes to an end