| Friday, 22nd November 2024, 9:42 am

ആരും എന്നെ പിന്തുണച്ചില്ല; മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരെയുള്ള പരാതി പിൻവലിക്കാനൊരുങ്ങി നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മുകേഷ് ഉൾപ്പടെയുള്ള നടന്മാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നുവെന്ന് നടി. മലയാള സിനിമ മേഖലയെയും രാഷ്ട്രീയ മേഖലയെയും പിടിച്ചുലച്ച ആരോപണങ്ങൾ ഉന്നയിച്ച നടി ഇപ്പോൾ എല്ലാ പരാതികളും പിൻവലിക്കാനൊരുങ്ങുകയാണ്.

പരാതിക്കാരിയായ നടി മാധ്യമ പ്രവർത്തകർ ഉൾപ്പെടുന്ന ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമിക്കുകയും അതിലൂടെ സന്ദേശം അയച്ച് കേസിൽ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

താൻ സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് മുന്നോട്ട് വന്നത് തന്റെ ലക്‌ഷ്യം ഇനിയൊരു സ്ത്രീക്കും ഇത്തരം അതിക്രമങ്ങൾ നേരിടരുതെന്നുമായിരുന്നു എന്ന പരാതിക്കാരി മെസേജിൽ പറഞ്ഞു.

‘ ഞാൻ സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് മുന്നോട്ട് വന്നത്. എന്റെ ലക്ഷ്യം ഇനി ഒരു പെൺകുട്ടിയോടും ആരും അഡ്ജസ്റ്റ്‌മെന്റ് ചോദിക്കരുത് എന്നായിരുന്നു. എന്നാൽ എന്റെ പേരിൽ കള്ള പോക്‌സോ കേസ് കൊണ്ടുവരികയും അത് തെളിയിക്കാൻ സർക്കാരിന് കഴിയുകയും ചെയ്തില്ല.

ഒരു മീഡിയയും മുന്നോട്ട് വരികയോ എന്നെ സപ്പോർട്ട് ചെയ്യുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് എല്ലാ കേസുകളും ഞാൻ പിൻവലിക്കാൻ പോകുന്നു. കാരണം പോക്‌സോ കേസ് കള്ളക്കേസ് ആണെന്നറിഞ്ഞിട്ടും ആ സ്ത്രീക്കെതിരെ നടപടിയെടുക്കാനോ അത് അവരെക്കൊണ്ട് ചെയ്യിപ്പിച്ചവരെ പിടിക്കാനോ നടപടിയുണ്ടായില്ല. അതുകൊണ്ട് ഞാൻ സ്വയം എല്ലാത്തിൽ നിന്നും പിന്മാറുന്നു,’ അവർ കുറിച്ചു.

ഈ കുറിപ്പിലൂടെയാണ് മുകേഷ്, ഇടവേളബാബു, മണിയൻപിള്ള രാജു, ബാലചന്ദ്ര മേനോൻ അടക്കമുള്ള നടന്മാർക്കെതിരെയുള്ള പരാതി പിൻവലിക്കുകയാണെന്ന് നടി പ്രഖ്യാപിച്ചത്.

Content Highlight: No one supported me, : Actress ready to withdraw complaint against actors including Mukesh

We use cookies to give you the best possible experience. Learn more