| Sunday, 30th August 2020, 9:53 am

കത്തയച്ചതിന്റെ പേരില്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ഒരാളും രക്ഷക്കെത്തിയില്ല; ആഞ്ഞടിച്ച് കപില്‍ സിബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ തങ്ങള്‍ കത്തിലൂടെ ഉന്നയിച്ച വിഷയങ്ങള്‍ ആരും ഇതുവരെ ശ്രദ്ധിക്കുക പോലും ചെയ്തില്ലെന്ന് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. കത്തെഴുതിയതിന്റെ പേരില്‍ തങ്ങള്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ ആരും തന്നെ പ്രതിരോധിക്കാനായി മുന്നോട്ടുവന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഭരണഘടന പിന്തുടരാത്തതില്‍ കോണ്‍ഗ്രസ് എപ്പോഴും ബി.ജെ.പിയെ കുറ്റപ്പെടുത്താറുണ്ട്. ജനാധിപത്യത്തിന്റെ അടിത്തറ പൊളിക്കുന്നതിനെയും എതിര്‍ക്കാറുണ്ട്’, സിബല്‍ പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയിലെ ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യം നിലനിര്‍ത്താനും ആരാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ഞാന്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയെ കുറിച്ച് പറയുന്നില്ല. എന്നാല്‍ ഈ രാജ്യത്തെ രാഷ്ട്രീയം, പ്രാഥമികമായി വിശ്വസ്തതയെ അടിസ്ഥാനമാക്കിയുള്ളതാണ്. ലോയല്‍റ്റി പ്ലസ് എന്ന് വിളിക്കുന്നത് ഞങ്ങള്‍ക്ക് ആവശ്യമാണ്. എന്താണ് ആ പ്ലസ്? സമന്വയം, പ്രതിബദ്ധത, കേള്‍ക്കാനും പറയാനുമുള്ളതാണ് ആ പ്ലസ് മെറിറ്റ്, രാഷ്ട്രീയം ഇതായിരിക്കണം’, കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ 23 നേതാക്കളാണ് നേതൃമാറ്റം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയത്.

2024 ല്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി അനുയോജ്യനല്ല എന്ന ചര്‍ച്ചകള്‍ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവരുടെ അപ്രതീക്ഷിത നീക്കം.

കപില്‍ സിബലിനെക്കൂടാതെ ഗുലാം നബി ആസാദ്, ശശി തരൂര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും കത്തില്‍ ഒപ്പിട്ടിരുന്നു. കത്തയച്ച വാര്‍ത്ത പുറത്തുവന്നതിന് അടുത്തദിവസമായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kapil Sibal Congress Sonia Gandhi Rahul Gandhi

We use cookies to give you the best possible experience. Learn more