കോഴിക്കോട്: സമസ്തയെ ആരും പിന്നില്‍ നിന്നോ മുന്നില്‍ നിന്നോ കുത്താന്‍ ശ്രമിക്കേണ്ടതില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങള്‍. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി തങ്ങളുടെ പരാമര്‍ശം. സമസ്ത മലപ്പുറം ജില്ല ഉലമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.
‘സമസ്തയുടെ പിന്നില്‍ എല്ലാവരും അടിയുറച്ച് നില്‍ക്കുകയാണ് വേണ്ടത്. ഭൗതികമായ താത്പര്യങ്ങല്‍ പലര്‍ക്കുമുണ്ടാകും. ആ താത്പര്യങ്ങള്‍ക്ക് വേണ്ടിയാകരുത് സമയം ഉപയോഗിക്കേണ്ടത്. ഏറ്റവും പ്രധാനപ്പെട്ടത് ആത്യന്തികമായ വിജയമാണ്. അതിന് വേണ്ടിയാകണം നമ്മുടെ പ്രവര്‍ത്തനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ഏതെങ്കിലും തരത്തില്‍ പോറലേല്‍പിക്കാനോ, പിന്നില്‍ നിന്നോ മുന്നില്‍ നിന്നോ കുത്താനോ ആരും ശ്രമിക്കേണ്ട. അത് വിജയിക്കില്ല.
സംഘടനയെ അള്ളാഹു രക്ഷിക്കും. അന്ത്യനാള്‍ വരെ ഇത് ഇവിടെ നിലനില്‍ക്കും. ഈ സംഘടനയുടെ അസ്ഥിത്വം ചോദ്യം ചെയ്യാനോ, ഈ സംഘടനയെ നശിപ്പിക്കാന്‍ ശ്രമിച്ചാലോ അത് വലിയ അപകടമുണ്ടാക്കും. അത് കൊണ്ട് പണ്ഡിതന്‍മാരില്‍ നിന്ന് സമസ്തക്കെതിരായ എന്തെങ്കിലും ശബ്ദങ്ങളുണ്ടാക്കുകയോ സമസ്തയെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനോ പാടുള്ളതല്ല,’ ജിഫ്രി തങ്ങള്‍ പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ പാണക്കാട് സാദിഖലി തങ്ങളുടെ പരാമര്‍ശങ്ങളാണ് ജിഫ്രി തങ്ങളെ ചൊടിപ്പിച്ചത്. പണ്ഡിതന്‍മാര്‍ അമാനുഷരല്ലെന്നും പണ്ഡിതന്‍മാരുടെ വീഴ്ചകളെ സമൂഹം വേദനയോടെയാണ് നോക്കിക്കാണുന്നത് എന്നുമായിരുന്നു ഉദ്ഘാടന പ്രസംഗത്തില്‍ സാദിക്കലി തങ്ങള്‍ പറഞ്ഞത്. പണ്ഡിതന്‍മാരില്‍ നിന്നും മനുഷ്യസഹജമായ കാര്യങ്ങളുണ്ടാകുമെന്നും അതിനെ വീഴ്ചകളായി തുടരാന്‍ അനുവദിക്കരുത് എന്നുമായിരുന്നു സാദിഖലി തങ്ങള്‍ പ്രസംഗത്തില്‍ പറഞ്ഞത്.
content highlights: No one should try to backstab and won’t succeed: jifri Thangal puts Sadikali themselves on stage