കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രക്ഷാ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അത് പ്രഖ്യാപിക്കാനുള്ള തടസമെന്താണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉരുള്‍പൊട്ടല്‍ നടന്ന പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു പോയവരെ എല്ലാം രക്ഷപ്പെടുത്താന്‍ സാധിച്ചെന്നും ദൗത്യസംഘത്തെ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തത്ക്കാലം ആളുകളെ ക്യാമ്പില്‍ തന്നെ താമസിപ്പിക്കുമെന്നും എന്നാല്‍ പെട്ടെന്ന് തന്നെ അവരുടെ പുനരധിവാസം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ കുടുംബത്തിനും ദുരിതാശ്വാസ ക്യാമ്പുകളില്‍ അവരുടെ സ്വകാര്യത ഉറപ്പുവരുത്തും. അതിനാല്‍ ക്യാമ്പുകളിലേക്ക് ആരും ക്യാമറയുമായി കടന്നുചെല്ലേണ്ടതില്ല. കാരണം അതെല്ലാം വ്യത്യസ്ത വീടുകളാണ്. ആരെയെങ്കിലും കാണണമെങ്കില്‍ ക്യാമ്പിന് പുറത്തുവെച്ച് മാത്രം കാണുക. കാരണം അതില്‍ വേറെയും കുടുംബങ്ങളുണ്ട്. പല കുടുംബങ്ങളുടെയും സ്വകാര്യത സംരക്ഷിക്കാനുള്ള ചുമതല നമുക്കുള്ളതാണ്.
അതിനാല്‍ ക്യാമ്പിന് പുറത്ത് സന്ദര്‍ശകര്‍ക്ക് വേണ്ടി ഒരു റിസപ്ഷന്‍ സ്ഥാപിപ്പിക്കും. അവിടെ വെച്ച് കണ്ട് സംസാരിച്ച് പോകുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കുകയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്യാമ്പിനകത്ത് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും സഹായിക്കുന്നുണ്ട്. നേരിട്ട് സഹായവുമായി ക്യാമ്പിലേക്കെത്താന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ട പ്രാധാന്യം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുട്ടി എവിടെയാണോ ഉള്ളത് അവിടെ ഇരുന്ന് കൊണ്ട് വിദ്യാഭ്യാസം നല്‍കാനുള്ള ക്രമീകരണം വിദ്യാഭ്യാസ വകുപ്പ് ഒരുക്കി നല്‍കും. പെട്ടെന്ന് സ്‌കൂളില്‍ പോകുന്നത് പ്രയോഗികകമായ കാര്യമല്ല. പക്ഷെ വിദ്യാഭ്യാസം മുടക്കാനും ആകില്ല. അതിനാല്‍ ഇതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ദുരിതബാധിതര്‍ക്ക് ആവശ്യമായ കൗണ്‍സിലിങ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്ക് ഏറ്റ മാനസികാഘാതം പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്താണ്. അതിനാല്‍ ആവശ്യമായ കൗണ്‍സിലിങ് അവര്‍ക്ക് നല്‍കണമെന്ന് തന്നെയാണ് യോഗത്തിലെടുത്ത തീരുമാനം. നിലവില്‍ വേണ്ട ആളുകള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ഇനിയും അത് ആവശ്യമുള്ളവരെ കണ്ടെത്തി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥലത്തുള്ള ആദിവാസി കുടുംബങ്ങളെ അവിടെ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പലരും അതിന് തയ്യാറാകുന്നില്ല. എങ്കിലും അവരെ സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി അവിടെ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തുടരും. അതുവരെ അവര്‍ക്ക് ആവശ്യമായ ഭക്ഷണം അവിടെ തന്നെ എത്തിച്ച് നല്‍കും.
പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് ആരോഗ്യ വകുപ്പ് നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും അനുസരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന സ്ഥലങ്ങളില്‍ അനാവശ്യമായി ആരും തടിച്ചുകൂടേണ്ടതില്ല. ബോഡി തിരിച്ചറിയാന്‍ കുടുംബം എത്തുന്ന സ്ഥലങ്ങളില്‍ പോലും അനാവശ്യമായി ആളുകള്‍ തള്ളികയറുന്ന സാഹചര്യം ഉണ്ട്. അത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlight: No one should enter the camp with camera; Privacy of families should be ensured: Pinarayi Vijayan