| Thursday, 3rd March 2022, 4:29 pm

പൊലീസിനെ വിമര്‍ശിക്കാന്‍ ആരും പേടിക്കേണ്ട, ഇടതുനയമല്ല സര്‍ക്കാര്‍ നയം പൊലീസ് നടപ്പാക്കണം: കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൊലീസിനെതിരെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിനെ വിമര്‍ശിക്കാന്‍ ആരും പേടിക്കേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു.

ഇടതുനയമല്ല സര്‍ക്കാര്‍ നയമാണ് പൊലീസ് നടപ്പാക്കേണ്ടത്. പൊലീസിനെ കുറിച്ച് ഒറ്റപ്പെട്ട വിമര്‍ശനം എല്ലാക്കാലത്തുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച വികസന നയരേഖയില്‍ സി.പി.ഐ.എം ഒറ്റക്കെട്ടാണ്. നയരഖ വേണ്ടെന്ന് സമ്മേളനത്തില്‍ ആരും പറഞ്ഞിട്ടില്ല. നയരേഖ വെള്ളിയാഴ്ച സമ്മളനത്തിന്റെ അംഗീകാരത്തിന് വെക്കും. തുടര്‍ന്ന് പ്രസിദ്ധീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

നയരേഖയില്‍ വന്ന ചര്‍ച്ചയില്‍ കാര്‍ഷിക മേഖല ശക്തമാക്കാനുള്ള നിര്‍ദേശമുണ്ടായി. ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ വില്‍പ്പന കേന്ദ്രം വേണമെന്നും ചര്‍ച്ച ഉയര്‍ന്നിരുന്നു.

പട്ടയപ്രശ്‌നം പരിഹരിക്കാനുള്ള ഇടപെടല്‍ വേഗത്തില്‍ ആക്കണമെന്നും കാര്‍ഷിക മേഖലയില്‍ വന്യമൃഗ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രതിനിധികള്‍ അവശ്യപ്പെട്ടിരുന്നു.

സില്‍വര്‍ലൈനില്‍ സി.പി.ഐ.എം പിന്നോട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സില്‍വര്‍ലൈന്‍ നടപ്പാക്കും. പ്രക്ഷോഭം ഒരുഭാഗത്ത് നടക്കും, എന്നാല്‍ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരാനാണ് സാധ്യത. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് മുഹമ്മദ് റിയാസും എ.എന്‍. ഷംസീറും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മന്ത്രി സജി ചെറിയാന്‍, മന്ത്രി വി.എന്‍. വാസവന്‍, കടകംപള്ളി സുരേന്ദ്രന്, സി.കെ. രാജേന്ദ്രന്‍ എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള സാധ്യത പട്ടികയിലുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റിനെ വെള്ളിയാഴ്ചയാണ് പ്രഖ്യാപിക്കുക. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍മത്രമാണ് ഇന്ന് നടന്നത്.


Content Highlights: No one should be afraid to criticize the police: Kodiyeri

We use cookies to give you the best possible experience. Learn more