| Monday, 6th May 2024, 2:17 pm

ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ല; ഉമര്‍ ഫൈസിക്കെതിരെ കെ.എം. ഷാജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമര്‍ഫൈസിക്കെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്ത്. ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്നും അകത്തും പുറത്തുമുള്ള ശത്രുക്കളെ ബുദ്ധിപരമായി നേരിട്ട് മുന്നോട്ട് പോകുന്നവരാണ് തങ്ങളെന്ന് കെ.എം. ഷാജി പറഞ്ഞു. ഉമര്‍ ഫൈസിയുടെ അഭിപ്രായങ്ങളില്‍ മുസ്‌ലിം വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ സെക്രട്ടറിയെയും പ്രസിഡണ്ടിനെയും മാറ്റണമെങ്കില്‍ അതിന് ഒരു കൗണ്‍സിലുണ്ടെന്നും അത് മെമ്പര്‍ഷിപ്പെടുത്ത പ്രവര്‍ത്തകര്‍ അടങ്ങുന്നതാണെന്നും ഷാജി പറഞ്ഞു. മാത്രവുമല്ല പുറത്തുള്ളവര്‍ക്ക് അതില്‍ അഭിപ്രായം പറയാമെന്നും എന്നാല്‍ അത് അഭിപ്രായം മാത്രമായിരിക്കുമെന്നും തങ്ങള്‍ അത് കാര്യമായി എടുക്കില്ലെന്നും ഷാജി പറഞ്ഞു.

സി.പി.ഐ.എമ്മിന്റെ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളെന്ന നിലയില്‍ സമുദായ കാര്യങ്ങളില്‍ സി.പി.ഐ.എമ്മിന് ഉമര്‍ ഫൈസി അടക്കമുള്ളവരുടെ അഭിപ്രായമെടുക്കാമെന്നും ഷാജി പറയുന്നു. കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.കെ. നജാഫും ഉമര്‍ ഫൈസി മുക്കത്തിനെതിരെ വിമര്‍ശനവുമായി രഗത്തെത്തിയിരുന്നു. ഉമര്‍ ഫൈസി സമസ്തയുടെ പാരമ്പര്യത്തിന് അപവാദമാണെന്നായിരുന്നു സി.കെ നജാഫിന്റെ വിമര്‍ശനം.

സമസ്ത മുശാവറ അംഗങ്ങള്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവരാണെന്നും എന്നാല്‍ ഉമര്‍ ഫൈസി വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നും നജാഫ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കെ.എം. ഷാജിയും ഉമര്‍ ഫൈസിക്കെതിരെ വിമര്‍ശനവുമായി വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുക്കം ഉമര്‍ ഫൈസി മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പി.എം.എ. സലാമിന് മാറ്റണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. നേരത്തെയും ഉമര്‍ ഫൈസി ഈ അഭിപ്രായം പറഞ്ഞിരുന്നു.

ലീഗും സമസതയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം പി.എം.എ. സലാമാണെന്നും അദ്ദേഹത്തെ മാറ്റുന്നതായിരിക്കും ലീഗിന് നല്ലത് എന്നുമായിരുന്നു ഉമര്‍ ഫൈസി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ലീഗ് നേതാക്കള്‍ ഉള്‍പ്പടെ ഇപ്പോള്‍ ഉമര്‍ ഫൈസിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്

സമസ്തയില്‍ സി.പി.ഐ.എമ്മുമായി അടുത്ത് നില്‍ക്കുന്ന നേതാക്കളില്‍ ഒരാളാണ് ഉമര്‍ഫൈസി. നേരത്തെ സി.പി.ഐ.എമ്മിന്റെ വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.വി. ജയരാജന്‍ ഉമര്‍ ഫൈസിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

content highlights: No one shall be allowed to interfere in the internal affairs of the iuml; K.M. Shaji against Umar Faizi 

We use cookies to give you the best possible experience. Learn more