സഭാ സ്തംഭനത്തില്‍ സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യമന്ത്രിക്കും നേരെ രോഷം പ്രകടിപ്പിച്ച് എല്‍.കെ അദ്വാനി
Daily News
സഭാ സ്തംഭനത്തില്‍ സ്പീക്കര്‍ക്കും പാര്‍ലമെന്ററികാര്യമന്ത്രിക്കും നേരെ രോഷം പ്രകടിപ്പിച്ച് എല്‍.കെ അദ്വാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th December 2016, 4:02 pm

സഭാ നടപടികള്‍ തടസപ്പെടുന്നതിന്റെ ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായി സഭാ സ്തംഭനത്തിന്റെ ഉത്തരവാദിത്വം ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉണ്ടെന്ന അദ്വാനിയുടെ വിമര്‍ശം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി സ്തംഭിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രോഷം പ്രകടിപ്പിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.

പാര്‍ലമെന്ററികാര്യമന്ത്രി അനന്ത്കുമാറിനെ അടുത്ത് വിളിച്ച് അദ്വാനി ക്ഷുഭിതനായി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവച്ചപ്പോള്‍ ആയിരുന്നു ഇത്. സഭ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് അദ്വാനി ചോദിച്ചു. സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സ്പീക്കര്‍ക്കോ പാര്‍ലമെന്ററികാര്യ മന്ത്രിക്കോ കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ അദ്വാനിയെ ശാന്തനാക്കാന്‍ അനന്ത്കുമാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം കാണുന്നുണ്ടെന്നും മീഡിയ ഗാലറി ചൂണ്ടിക്കാട്ടി അനന്ത്കുമാര്‍ പറഞ്ഞു. എന്നാല്‍ അദ്വാനി ശാന്തനായില്ല. സ്പീക്കര്‍ സുമിത്ര മഹാജന്‍ സഭ നടത്തുന്നില്ലെന്ന് താന്‍ പറയാന്‍ പോകുകയാണ്. പരസ്യമായി തന്നെ താനത് പറയുമെന്നും ഭീഷണി മുഴക്കി. ഭരണപക്ഷവും പ്രതിപക്ഷവും സഭാസ്തംഭനത്തിന് ഉത്തരവാദികളാണെന്നും അദ്വാനി പറഞ്ഞു.