| Wednesday, 4th November 2020, 2:47 pm

'ആരും നിയമത്തിന് അതീതരല്ല'; അര്‍ണബിന്റെ അറസ്റ്റില്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആരും നിയമത്തിന് അതീതരല്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റില്‍ പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.

‘ആരും നിയമത്തിന് അതീതരല്ല. നിയമമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് മഹാരാഷ്ട്രയിലെ പൊലീസ് വിഭാഗം’, അദ്ദേഹം പറഞ്ഞു.

അതേസമയം അര്‍ണബിന്റെ അറസ്റ്റിനെതിരെ പ്രതികരണവുമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും സഖ്യകക്ഷികളും കൂടിച്ചേര്‍ന്ന് ജനാധിപത്യത്തെ നാണംകെടുത്തുന്നുവെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.

അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രകാശ് ജാവദേകര്‍ പറഞ്ഞത്. ഇത് അടിയന്തരാവസ്ഥക്കാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു പ്രകാശ് ജാവദേകറിന്റെ പ്രതികരണം.

അതേസമയം അര്‍ണബിനെ പിന്തുണയ്ക്കാത്തവര്‍ ഫാസിസത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് അറസ്റ്റില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞത്.

ആത്മഹത്യ പ്രേരണ കേസിലാണ് മുംബൈ പൊലീസ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് നിസഹകരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

2018ല്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായ വ്യക്തിയും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ അര്‍ണാബിനെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.

53കാരനായ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും 2018ല്‍ ആത്മഹത്യ ചെയ്തിരുന്നു. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. അദ്ദേഹവും അമ്മയും അലിഭാഗിലെ ഫാം ഹൗസില്‍ മെയ് 2018ലാണ് ആത്മഹത്യ ചെയ്തത്.

അര്‍ണാബ് ഗോസ്വാമിയും ഫിറോസ് ഷെയ്ഖ്, നിതീഷ് സാര്‍ധ എന്നിവരും ചേര്‍ന്ന് തന്റെ കയ്യില്‍ നിന്ന് 5.4 കോടി രൂപ വാങ്ങിയിരുന്നുവെന്ന് അന്‍വായ് നായിക് ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. സ്റ്റുഡിയോ ഡിസൈന്‍ ചെയ്ത വകയില്‍ അര്‍ണാബ് ഗോസ്വാമി നല്‍കാനുള്ള 83 ലക്ഷം രൂപ അന്‍വായ് നായികിന് നല്‍കാനുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പണമെല്ലാം കൊടുത്തു തീര്‍ത്തെന്നാണ് റിപ്പബ്ലിക്ക് ടി.വി പിന്നീട് പ്രതികരിച്ചത്.

സംസ്ഥാന ആഭ്യന്തര മന്ത്രിയായ അനില്‍ ദേശ്മുഖ് ആണ് അന്വേഷണം പ്രഖ്യാപിച്ചത്. അലിഭാഗ് പൊലീസ് സംഭവത്തില്‍ വേണ്ട അന്വേഷണം നടത്തിയില്ലെന്ന് അന്‍വായ് നായികിന്റെ ഭാര്യ അദന്യ നായിക് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം അര്‍ണാബിനെതിരെ സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ കേസും ടി.ആര്‍.പി തട്ടിപ്പ് കേസും നിലവില്‍ ഉണ്ട്

റിപ്പബ്ലിക് ടിവി ഉള്‍പ്പെടെ മൂന്ന് ചാനലുകള്‍ റേറ്റിങില്‍ കൃത്രിമത്വം കാണിച്ചെന്ന മുംബൈ പൊലീസിന്റെ കണ്ടെത്തല്‍ ഏറെ ചര്‍ച്ചയായിരുന്നു. ചാനലുകളുടെ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് മീറ്റര്‍ സ്ഥാപിച്ചിട്ടുള്ള വീടുകളില്‍ ചെന്ന് റിപ്പബ്ലിക് ടി.വി കാണാന്‍ പണം വാഗ്ദാനം ചെയ്‌തെന്നാണ് മുംബൈ പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. റിപ്പബ്ലിക് ടി.വി കാണാന്‍ വേണ്ടി ആളുകള്‍ക്ക് മാസം 400 രൂപ വീതം വാഗ്ദാനം ചെയ്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Maharashtra home minister  on arnab goswamis arrest

We use cookies to give you the best possible experience. Learn more