ഫ്രഞ്ച് ടോപ്പ് ടയർ ലീഗായ ലീഗ് വണ്ണിൽ മികച്ച മുന്നേറ്റമാണ് പാരിസ് ക്ലബ്ബായ പി. എസ്.ജി നടത്തുന്നത്. ലോകകപ്പിന്റെ ഇടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗിൽ ആദ്യം നിറം മങ്ങിയെങ്കിലും പിന്നീട് ശക്തമായ രീതിയിൽ തിരിച്ചു വരാൻ പി.എസ്.ജിക്ക് സാധിച്ചിട്ടുണ്ട്.
ഫെബ്രുവരി നാലിന് നടന്ന മത്സരത്തിൽ പരിക്കിന്റെ പിടിയിലായി എംബാപ്പെയും നെയ്മറും മത്സരിക്കാൻ ഇറങ്ങിയില്ലെങ്കിലും ടോളോസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്താൻ പി. എസ്.ജിക്കായി.
സമകാലിക ഫുട്ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ മെസിയുടെ മിന്നും പ്രകടനമാണ് മത്സരം വിജയിക്കാൻ പി.എസ്.ജിക്ക് കരുത്ത് പകർന്നത്. കളിയിൽ ഒരു ഗോൾ സ്വന്തമാക്കാനും മെസിക്ക് സാധിച്ചിരുന്നു.
എന്നാലിപ്പോൾ മെസി ലോക ഫുട്ബോളിലെ അതുല്യ പ്രതിഭയാണെന്നും, മെസിയുടെ ലെവലിൽ കളിക്കുക മറ്റെല്ലാവർക്കും അസാധ്യമാണെന്നും പരാമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പി.എസ്.ജി ക്യാപ്റ്റനായ എറിക് റബേസാൻഡ്രാറ്റന.
ഫ്രഞ്ച് മാധ്യമമായ ലെ പാരിസിയെന് നൽകിയ അഭിമുഖത്തിലാണ് എറിക് മെസിയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞത്.
“ടോളോസിന്റെ കയ്യിൽ നിന്നും മത്സരം സമർഥമായാണ് മെസി തന്റെ കൈപ്പിടിയിലൊതുക്കിയത്. മെസി നല്ല ഒരു കളിക്കാരനെന്നതിലുപരിയായി നല്ലൊരു മനുഷ്യൻ കൂടിയാണ്.
എംബാപ്പെക്കും നെയ്മറിനും വേണ്ടി ധാരാളം സ്പെയ്സും അദ്ദേഹം ഉണ്ടാക്കി നൽകുന്നുണ്ട്. അദ്ദേഹത്തിന് ടീമിൽ കൂടുതൽ സ്വാധീനം ചെലുത്താൻ കഴിയും എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.
നന്നായി പന്ത് തട്ടാനും പാസ് നൽകാനും തന്റെ കരിയറിന്റെ തുടക്കകാലത്തെ പോലെ ഇപ്പോഴും മെസിക്ക് സാധിക്കുന്നുണ്ട്,’ എറിക് റബേസാൻഡ്രാറ്റന പറഞ്ഞു.
“മെസിയുടെ ലെവലിൽ കളിക്കാൻ ലോക ഫുട്ബോളിൽ മറ്റൊരു താരത്തിനും കഴിയില്ല. കാരണം അദ്ദേഹം ഒരു അതുല്യനായ പ്രതിഭയാണ്,’ എറിക് കൂട്ടിച്ചേർത്തു.
കൂടാതെ എംബാപ്പെയും നെയ്മറും ഒത്ത് നന്നായി കളിക്കാൻ മെസിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോൺട്പെല്ലിയറിനോടുള്ള മത്സരത്തിൽ പരിക്കേറ്റതോടെ എംബാപ്പെക്ക് അടുത്ത മൂന്നാഴ്ചത്തെ മത്സരം നഷ്ടപ്പെടുമെന്നുള്ള തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നെയ്മറും അടുത്ത മത്സരം കളിക്കുമോയെന്ന കാര്യത്തിൽ സ്ഥിരീകരണമൊന്നും പുറത്ത് വന്നിട്ടില്ല.
അതേസമയം ഫ്രഞ്ച് കപ്പിൽ ഫെബ്രുവരി 9ന് ഇന്ത്യൻ സമയം പുലർച്ചെ 1:30ന് ചിര വൈരികളായ മാഴ്സെല്ലെയുമായാണ് പി. എസ്.ജിയുടെ അടുത്ത മത്സരം.
ലീഗ് വണ്ണിൽ ഫെബ്രുവരി 11ന് മൊണോക്കെയെ ക്ലബ്ബ് നേരിടും.
Content Highlights:No one in world football can play at Messi’s level; said Eric Rabesandratana