കണ്ണൂര്‍: ബ്രണ്ണന്‍ കോളെജില്‍ വെച്ച് പിണറായി വിജയനെ ആരും ചവിട്ടിവീഴ്ത്തിയിരുന്നില്ലെന്ന് ബ്രണ്ണന്‍ കോളെജിലെ അധ്യാപകനായിരുന്ന ടി.വി. ബാലന്‍. എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ പ്രധാനനേതാക്കളിലൊരാളായിരുന്നു പിണറായി. അദ്ദേഹത്തെ കെ.എസ്.യുക്കാര്‍ ചവിട്ടിവീഴ്ത്തിയാല്‍ വലിയ ചര്‍ച്ചയായേനെയെന്നും ബാലന്‍ പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ.സുധാകരന്‍ അവിടെ ഉണ്ടായിരുന്നോയെന്ന് ഓര്‍ക്കുന്നതുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ 1968ലാണ് ബ്രണ്ണന്‍ കോളെജില്‍ അധ്യാപകനായി ജോയിന്‍ ചെയ്യുന്നത്. സെപ്തംബര്‍ മാസമാണ് പരീക്ഷ നടന്നത്. തനിക്കായിരുന്നു പരീക്ഷ ഡ്യൂട്ടിയെന്നും ബാലന്‍ പറഞ്ഞു.
പരീക്ഷ എഴുതുന്നവരുടെ കൂടെ പിണറായി വിജയനും ഉണ്ടായിരുന്നു. കെ.എസ്.എഫിന്റെ സംസ്ഥാന നേതാവായതിനാല്‍ തനിക്ക് അറിയാമായിരുന്നു. പരീക്ഷ തുടങ്ങി കുറച്ചുകഴിഞ്ഞതോടെ പുറത്ത് നല്ല ബഹളം കേട്ടു. മുദ്രാവാക്യം കേട്ടപ്പോള്‍ വിദ്യാര്‍ത്ഥി സമരമുണ്ടെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
‘പുറത്തെ ബഹളം കേട്ടപ്പോള്‍ തനിക്ക് അവിടേക്ക് പോകണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷ നടക്കുകയല്ലെ, ഇപ്പോള്‍ പോയാല്‍ പരീക്ഷ നഷ്ടമാകില്ലേയെന്ന് ഞാന്‍ ചോദിച്ചു. പരീക്ഷ പോകുമെന്നും എന്നാല്‍ കെ.എസ്.എഫ് ആഹ്വാനം ചെയ്ത സമരം പുറത്ത് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ പരീക്ഷ എഴുതാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നുമായിരുന്നു പിണറായി പറഞ്ഞത്. വ്യക്തിപരമായി ഈ സമരത്തില്‍ പങ്കെടുക്കേണ്ടത് തന്റെ ബാധ്യതയാണെന്നും പിണറായി വിജയന്‍ മറുപടി നല്‍കി’, അധ്യാപകനായ ടി.വി ബാലന്‍ പറഞ്ഞു.
സമരത്തില്‍ സ്വാഭാവികമായി നടക്കുന്ന വാഗ്വാദങ്ങളും മറ്റും നടക്കുന്നത് പരീക്ഷാ ഹാളില്‍ ഇരുന്ന് കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു എന്നാല്‍ പുറത്ത് പോയ പിണറായി വിജയനെ ആരെങ്കിലും ചവിട്ടി വീഴ്ത്തിയതായോ, ദേഹോപദ്രവം ചെയ്തതായോ യാതൊരു ചര്‍ച്ചയും അന്നോ, അതിന് ശേഷമോ അവിടെ ഉണ്ടായിട്ടില്ലെന്നും ഡിസംബര്‍ വരെ താന്‍ കോളേജില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘കെ.എസ്.എഫിന്റെ ഒരു പ്രധാനപ്പെട്ട നേതാവായിരുന്ന പിണറായി വിജയനെ കെ.എസ്.യുകാര്‍ ചവിട്ടി വീഴ്ത്തിയിരുന്നുവെങ്കില്‍ അതൊരു ചര്‍ച്ചാവിഷയം ആകുമായിരുന്നു. എന്നാല്‍ അത്തരത്തിലൊരു സംഭവം അവിടെ നടന്നിട്ടില്ല’. എന്നായിരുന്നു ടി.വി. ബാലന്റെ പ്രതികരണം.
കെ..സുധാകരന്‍ അവിടെ പഠിച്ചിരുന്നുവെന്നുപോലും തന്റെ ഓര്‍മയിലില്ലെന്നും അധ്യാപകന്‍ പറഞ്ഞു. കെ.എസ്.യുവിന് അറിയപ്പെടുന്ന നേതാവായി ആരും തന്നെ ഉണ്ടായിരുന്നില്ല. കെ.എസ്.എഫിന് എ.കെ. ബാലനെ പോലുള്ള നേതാക്കന്മാര്‍ ഉണ്ടായിരുന്നു. ബാലന്റെ നേതൃത്വത്തിലാണ് സമരങ്ങള്‍ നടന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ബാലന്‍ 1971 ലാണ് ബ്രണ്ണന്‍ കോളെജില്‍ പഠിച്ചതെന്ന കെ.സുധാകരന്റെ വാദത്തിനെതിരെയും ടി.വി. ബാലന്‍ രംഗത്ത് എത്തി. 1968 ലാണ് താന്‍ ബ്രണ്ണനില്‍ എത്തിയത്. ഈ വര്‍ഷം താന്‍ ബാലനെ ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുണ്ട്. പിന്നെങ്ങനെയാണ് ബാലന്‍ 71ലാണ് കോളേജിലെത്തിയതെന്ന് പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.