'അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പു കൊടുക്കാന്‍ ആര്‍ക്കും അവകാശമില്ല': മക്കള്‍ക്കെതിരെ ഖഷോഗ്ജിയുടെ വധു
World News
'അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പു കൊടുക്കാന്‍ ആര്‍ക്കും അവകാശമില്ല': മക്കള്‍ക്കെതിരെ ഖഷോഗ്ജിയുടെ വധു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 8:10 pm

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയവര്‍ക്ക് മക്കള്‍ മാപ്പു നല്‍കിയതിനെതിരെ ഖഷോഗ്ജി വിവാഹം കഴിക്കാനിരുന്ന ഹാറ്റിസ് സെന്‍ഗിസ്. ജമാല്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയവര്‍ക്ക് മാപ്പു നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് ഇവര്‍ പ്രതികരിച്ചിരിക്കുന്നത്.

‘ നമ്മളേക്കാള്‍ വലിയവനും ആരാധിക്കപ്പെടുന്നതുമായ ഒരു അന്താരാഷട്ര ചിഹ്നമായി ജമാല്‍ ഖഷോഗ്ജി മാറിയിരിക്കുന്നു. അദ്ദേഹത്തിന്റെ കൊലപാതകികള്‍ക്ക് മാപ്പു നല്‍കാന്‍ ആര്‍ക്കും അവകാശമില്ല,’ ഹാറ്റിസ് സെന്‍ഗിസ് ട്വീറ്റ് ചെയ്തു. ഖഷോഗ്ജിക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ഇവരുടെ ട്വീറ്റില്‍ പറയുന്നു.

ഖഷോഗ്ജിയുടെ മകനായ സലാ ഖഷോഗ്ജി ആണ് കൊലപാതകത്തിലെ പ്രതികള്‍ക്ക് മാപ്പ് കൊടുക്കുന്നു എന്നറിയിച്ചത്.
‘റമദാന്റെ അനുഗ്രഹീതമായ മാസത്തിലെ അനുഗ്രഹീതമായ രാത്രിയില്‍ ഞങ്ങള്‍ ദൈവത്തിന്റെ വചനങ്ങളോര്‍ക്കുന്നു;’ക്ഷമിക്കുന്നവനും ഐക്യപ്പെടുന്നവനുമുള്ള പ്രതിഫലം ദൈവത്തില്‍ നിന്നും ലഭിക്കും,’ സലാ ട്വീറ്റില്‍ പറയുന്നു.

എന്നാല്‍ സലാ ഉള്‍പ്പെടെയുള്ള ഖഷോഗ്ജിയുടെ മക്കള്‍ക്ക് കോടിക്കണക്കിന് രൂപ ലഭിച്ചുവെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ഏപ്രിലില്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. സലാ ഈ റിപ്പോര്‍ട്ട് നിരസിക്കുകയായിരുന്നു.
2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീട് കാണാതാവുകയായിരുന്നു. ഖഷോഗ്ജി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിക്കുകയായിരുന്നു.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക