| Friday, 10th December 2021, 7:38 pm

കര്‍ഷക സമരം: പൊലീസ് നടപടിയില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷകര്‍ സമരത്തിനിടയില്‍ പൊലീസിന്റെ നടപടി മൂലം ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ഇക്കാര്യം പാര്‍ലമെന്റില്‍ പറഞ്ഞത്.

കോണ്‍ഗ്രസ് നേതാവ് ധീരജ് പ്രസാദ് സാഹുവിന്റെയും എ.എ.പി നേതാവ് സഞ്ജയ് സിംഗിന്റെയും ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തോമര്‍.

കര്‍ഷക സമരത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ കര്‍ഷകരുടെ മരണത്തെക്കുറിച്ചുള്ള രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു വര്‍ഷത്തിലേറെയായി കര്‍ഷകര്‍ സമരം നടത്തിയിരുന്നു. 700 ല്‍ അധികം കര്‍ഷകരാണ് സമരത്തിനിടെ മരണപ്പെട്ടത്.

ഏറെ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ കഴിഞ്ഞ മാസം 19നാണ് മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. കര്‍ഷക സമരം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയമം പാസാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിച്ചത്.

താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. രാജ്യതലസ്ഥാന അതിര്‍ത്തികളിലെ ഉപരോധം പൂര്‍ണ്ണമായും പിന്‍വിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി നിര്‍ത്തിവച്ച സംയുക്ത കിസാന്‍ മോര്‍ച്ച ഡിസംബര്‍ 11 ന് വിജയ് ദിവസമായി ആചരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: no one died in farmers’ protest said bye central government

We use cookies to give you the best possible experience. Learn more