ഫുട്ബോൾ ട്രാൻസ്ഫർ വിൻഡോ ജനുവരിയോടെ തുറന്നിരിക്കുകയാണ്. ലീഗ് ടൈറ്റിലുകളും, മേജർ കിരീടങ്ങളും സ്വന്തമാക്കാനായി മികച്ച താരങ്ങളെ സ്വന്തമാക്കാൻ ക്ലബ്ബുകൾ ഉടൻ ട്രാൻസ്ഫർ ജാലകത്തിൽ ഇറങ്ങും.
റൊണാൾഡോ, കോഡി ഗാക്പോ തുടങ്ങിയ താരങ്ങളുടെ ട്രാൻസ്ഫർ ഇപ്പോൾ തന്നെ പൂർത്തിയായിക്കഴിഞ്ഞു.
പല സൂപ്പർ താരങ്ങളും ക്ലബ്ബുകൾ മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
ലീഗ് വൺ ക്ലബ്ബായ പി.എസ്.ജിയെ സംബന്ധിച്ചാണ് ഏറ്റവും കൂടുതൽ ട്രാൻസ്ഫർ അഭ്യൂഹങ്ങൾ ഉയർന്ന് കേൾക്കുന്നത്. പി.എസ്.ജി താരങ്ങളായ നെയ്മർ, മെസി, എംബാപ്പെ മുതലായ പ്ലെയേഴ്സിനെ ചുറ്റിപറ്റിയെല്ലാം ട്രാൻസ്ഫർ അഭ്യൂഹങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. കൂടാതെ പല വമ്പൻ താരങ്ങളും ക്ലബ്ബിലേക്ക് എത്തുമെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
എന്നാലിപ്പോൾ ട്രാൻസ്ഫർ സംബന്ധമായ ചോദ്യങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പി.എസ്.ജി കോച്ച്ക്രിസ്റ്റഫെ ഗാൾട്ടിയർ.
മത്സരശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു പരിശീലകൻ വിഷയത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്.
ജനുവരിയിൽ തുറന്ന ട്രാൻസ്ഫർ ജാലകത്തിലൂടെ ആരെയും ക്ലബ്ബിലേക്ക് കൊണ്ട് വരാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ ഗാൾട്ടിയർ ആരും ക്ലബ്ബ് വിട്ട് പോയില്ലെങ്കിൽ പുതിയ താരങ്ങളൊന്നും ക്ലബ്ബിലേക്ക് എത്തില്ലെന്നും കൂട്ടിച്ചേർത്തു.
“എന്റെ സ്‌ക്വാഡ് സമ്പൂർണമാണ്,ഞാൻ അതിൽ വളരെ സംതൃപ്തനുമാണ്.ആരും ക്ലബ്ബിൽ നിന്നും വിട്ട് പോകുന്നില്ലെങ്കിൽ പുതിയ താരങ്ങളെയൊന്നും ക്ലബ്ബിലേക്ക് കൊണ്ട് വരേണ്ട കാര്യമില്ല.പക്ഷെ എന്നോടിത് വരെ ഒരാളും ക്ലബ്ബ് വിടണമെന്ന് പറഞ്ഞിട്ടില്ല.അതിന്റെയർത്ഥം എല്ലാവരും ഇവിടെ ഓക്കെയാണെന്നാണ്,’ ഗാൾട്ടിയർ പറഞ്ഞു.
“വരാൻ പോകുന്നത് പ്രധാനപ്പെട്ട ട്രാൻസ്ഫർ വിൻഡോയാണ്. ചില താരങ്ങൾക്ക് പ്ലെയിങ് ഇലവനിൽ ആവശ്യത്തിന് അവസരം ലഭിക്കുന്നില്ല എന്നത് സത്യമാണ്. പക്ഷെ അതിനെക്കുറിച്ച് ഞങ്ങൾ ഉടൻ ചർച്ച ചെയ്യും,’ ഗാൾട്ടിയർ കൂട്ടിച്ചേർത്തു.
അതേസമയം ഇടവേളക്ക് ശേഷമുള്ള ലീഗ് വണ്ണിലെ ആവേശകരമായ ആദ്യ മത്സരത്തിൽ വ്യാഴാഴ്ച പി.എസ്.ജി ചെറിയ ടീമായ സ്ട്രാസ്ബർഗിനെതിരെ കഷ്ടിച്ച് വിജയിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾ നേടിയാണ് പി.എസ്.ജി മത്സരം കൈപ്പിടിയിലൊതുക്കിയത്.
മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ എംബാപ്പെ നേടിയ ഗോളിലാണ് മത്സരം പി. എസ്.ജി വിജയിച്ചത്.
തിങ്കളാഴ്ച ലെൻസിനെതിരെയാണ് പാരിസ് ക്ലബ്ബിന്റെ അടുത്ത മത്സരം. നെയ്മർ, മെസി എന്നിവരെക്കൂടാതെയാകും പി.എസ്.ജി മത്സരത്തിനിറങ്ങുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights:No one comes here, no one goes from here; PSG coach the trio of Messi-Mbappe-Neymar