| Thursday, 12th December 2019, 11:16 am

'നിങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും'; അസം ജനത ശാന്തരാകണം; ഇന്റര്‍നെറ്റില്ലാത്ത അസം ജനതയോട് മോദിയുടെ ട്വിറ്റര്‍ സന്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അസം ജനതയോട് ശാന്തരാകാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വഭേദഗതി ബില്ലിനെ കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നായിരുന്നു ഇന്റര്‍നെറ്റിന് ഇന്നലെ മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന അസമിലെ ജനതയോട് മോദി ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചത്.

ഇന്നലെ വൈകുന്നേരം 7 മണിമുതല്‍ അസമിലെ പത്ത് ജില്ലകളിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ലഖിംപൂര്‍, ധേമാജി, ടിന്‍സുകിയ, ദിബ്രുഗഡ്, ചരൈഡിയോ, ശിവസാഗര്‍, ജോര്‍ഹട്ട്, ഗോലഘട്ട്, കമ്രൂപ് (മെട്രോ), കമ്രുപ് എന്നിവിടങ്ങളിലെ സേവനങ്ങളാണ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. പതിഷേധം കനത്ത സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് സേവനങ്ങളായിരുന്നു നിര്‍ത്തിവെച്ചത്.

‘നിങ്ങളുടെ അവകാശങ്ങളും അതുല്യമായ സ്വത്വവും മനോഹരമായ സംസ്‌കാരവും ആര്‍ക്കും അപഹരിക്കാനാവില്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുകയാണ്. അസമീസ് ജനതയുടെ രാഷ്ട്രീയപരവും, ഭാഷാപരവും സാംസ്‌കാരികപരവും ഭൂമിപരവുമായ അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും ഞാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്’-എന്നായിരുന്നു നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചത്.

അസമില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആയിരക്കണക്കിന് ആളുകള്‍ കര്‍ഫ്യൂ അവഗണിച്ചുകൊണ്ട് തെരുവില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ബുധനാഴ്ച വൈകീട്ട് 6:15 ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ വ്യാഴാഴ്ച രാവിലെ 7 മണി വരെ തുടരുമെന്നാണ് അസം പോലീസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ഫ്യൂ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി അദ്ദേഹം പിന്നീട് അറിയിക്കുകയായിരുന്നു.

കര്‍ഫ്യൂ ഉത്തരവ് ലംഘിച്ച് പ്രതിഷേധക്കാര്‍ ഗുവാഹത്തിയിലെ തെരുവുകളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും റോഡുകള്‍ തടയുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അസമിലും ത്രിപുരയിലും പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. സംസ്ഥാനത്തെ 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.

അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലും ദിബ്രുഗഡ്, ടിന്‍സുകിയ എന്നീ രണ്ട് ജില്ലകളിലും ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രതിഷേധക്കാര്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ ലഖിനഗറിലെ വീടുനു നേരെ കല്ലെറിഞ്ഞതായി ദിബ്രുഗഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പല്ലവ് ഗോപാല്‍ പറഞ്ഞു. ബി.ജെ.പി എം.എല്‍.എ പ്രസാന്ത ഫുകാന്‍, പാര്‍ട്ടി നേതാവ് സുഭാഷ് ദത്ത എന്നിവരുടെ വീടുകള്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

We use cookies to give you the best possible experience. Learn more