| Tuesday, 4th January 2022, 1:01 pm

സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ സാധിക്കില്ല, രാഷ്ട്രീയം പഠിപ്പിക്കലല്ല സമസ്തയുടെ പണി: ജിഫ്രി തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്തയെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ സാധിക്കില്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കമ്മ്യൂണിസത്തിനെതിരെ സമസ്ത പാസാക്കിയ പ്രമേയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും തങ്ങള്‍ പറഞ്ഞു.

സമസ്തയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കേണ്ട സാഹചര്യമില്ലെന്നും ഏത് തരത്തിലുള്ള രാഷ്ട്രീയത്തിനായാലും ആളെ കൂട്ടലല്ല സമസ്തയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയുടെ വേദികള്‍ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന ലീഗിന്റെ നടപടി സമസ്ത നേതാക്കള്‍ തിരിച്ചറിയണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സമസ്തയെ ഹൈജാക്ക് ചെയ്യാനാണ് ലീഗ് ശ്രമിക്കുന്നതെന്നും ഇതിന്റെ ഭാഗമായിട്ടാണ് സമസ്ത സമ്മേളനത്തില്‍ കമ്മ്യൂണിസത്തിനെതിരെ സംസാരിക്കുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം, കമ്മ്യൂണിസത്തിനെതിരെയുള്ള സമസ്തയുടെ പ്രമേയം തന്റെ അറിവോടെയല്ലെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.

കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്‌ലിം സമൂഹം ജാഗ്രത പുലര്‍ത്തണം എന്നുള്ള ഒരു പ്രമേയത്തോടൊപ്പം തന്റെ ഫോട്ടോ ചേര്‍ത്ത് ചില ചാനലുകളിലും ഓണ്‍ലൈനുകളിലും പ്രചരിപ്പിക്കപ്പെടുന്നത് തെറ്റിദ്ധാരണാജനകമാണെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നത്.

തന്റെ അറിവോടെയൊ, സമ്മതത്തോടെയോ അല്ല ഈ പ്രമേയം അവതരിപ്പിച്ചത്. ഇത്തരം വാര്‍ത്തകളില്‍ എന്റെ ഫോട്ടോ ചേര്‍ത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും തങ്ങള്‍ പറഞ്ഞിരുന്നു.

സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലാണ് കണ്‍വീനര്‍ സലിം എടക്കര കമ്മ്യൂണിസത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.
കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെ മുസ്‌ലിം സമുദായം കരുതിയിരിക്കണമെന്നായിരുന്നു പ്രമേയം.

സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്ന പ്രവണത അപകടകരമെന്ന് സമസ്തയുടെ പ്രമേയത്തില്‍ പറയുന്നു. വിവാഹപ്രായം ഉയര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രം പിന്മാറണമെന്നും സമസ്ത ആവശ്യപ്പെട്ടിരുന്നു.

അതേസമയം, രാഷ്ട്രീയ സംഘടനകളില്‍ ചിലതുമായി സമസ്തയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഓരോ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാലത് സമസ്തയുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുഞ്ഞാലിക്കുട്ടിയും സമദാനിയുമൊക്കെ സമസ്തയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അവര്‍ സുന്നികളായത് കൊണ്ടാണ്. ഇതൊരു സൗഹൃദ സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും സമസ്തയിലുണ്ട്. ഭരിക്കുന്ന സര്‍ക്കാരുമായി സഹകരിച്ചുപോവുകയെന്നതാണ് സമസ്തയുടെ നിലപാട്. എന്നാല്‍ എതിര്‍ക്കേണ്ട കാര്യങ്ങളില്‍ സര്‍ക്കാരുകളെ എതിര്‍ത്ത പാരമ്പര്യവും സമസ്തയ്ക്കുണ്ടെന്നും തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: No one can hijack Samastha, Samastha’s job is not to teach politics: Jifri Thangal

We use cookies to give you the best possible experience. Learn more