| Wednesday, 9th February 2022, 5:58 pm

ബാബു കുടുങ്ങിയ സ്ഥലത്തേക്ക് ആര്‍ക്കും പോകാന്‍ പറ്റില്ല, അവന് മാത്രമേ പോകാന്‍ പറ്റുകയുള്ളു: പ്രദേശവാസി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലമ്പുഴ: പ്രദേശവാസികള്‍ അപൂര്‍വമായി മാത്രം പോകുന്ന മലമുകളിലേക്കാണ് ബാബു പോയതെന്ന് അയല്‍വാസിയായ അമ്പിളി. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അമ്പിളി ഇക്കാര്യം പറഞ്ഞത്.

വന്യമൃഗങ്ങള്‍ ഇറങ്ങാറുള്ള സ്ഥലമാണെന്നും ബാബുവിന്റെ ഭാഗ്യം കൊണ്ട് മാത്രമാണ് മലയിടുക്കില്‍ കുടുങ്ങി കിടക്കാന്‍ സാധിച്ചതെന്നും അമ്പിളി പറഞ്ഞു.

”മല മുകളിലേക്ക് എന്തിന് പോയതെന്ന് അവന് മാത്രമേ അറിയൂ. അപകടകരമായ സ്ഥലം തന്നെയാണ്. പ്രദേശവാസിയായത് കൊണ്ട് ബാബുവിന് പരിസരം അറിയാം. പക്ഷെ കാടും കാടിന്റെ അന്തരീക്ഷവും അറിയണമെന്നില്ല. മൃഗങ്ങള്‍ ഇറങ്ങുന്ന സ്ഥലമാണ്. ഇന്നലെ എത്തിയ സൈനികര്‍ മൂന്ന് കരടികളെ സ്ഥലത്ത് കണ്ടിരുന്നു,” അമ്പിളി പറഞ്ഞു.

ബാബു കുടുങ്ങിയ സ്ഥലത്തേക്ക് ആര്‍ക്കും പോകാന്‍ പറ്റില്ല. അവന് മാത്രമേ പോകാന്‍ പറ്റുകയുള്ളൂ. അങ്ങനെയൊരു സ്ഥലത്താണ് അവന് കുടുങ്ങിയത്. അവിടേക്ക് ഇറങ്ങി പോയ ആര്‍മിക്കാര്‍ക്കാണ് സല്യൂട്ടെന്നും അമ്പിളി കൂട്ടിച്ചേര്‍ത്തു.

‘വീണ് കഴിഞ്ഞാല്‍ ആള് വഴുതി താഴേക്ക് പോകും. അവന്റെ നല്ല സമയം കാരണം അവിടെ കുടുങ്ങി നില്‍ക്കാന്‍ സാധിച്ചു. ആയുസിന്റെ ബലം, അത്രയേ പറയാന്‍ പറ്റൂ. ബാക്കി കാര്യങ്ങള്‍ അവന്‍ തന്നെ വന്ന് പറയണം,” അവര്‍ പറഞ്ഞു.

ബാബുവിനെ രക്ഷിച്ച് മുകളിലെത്തിച്ച സൈന്യത്തിന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. അവസരോചിത ഇടപെടല്‍ നടത്തിയ സൈന്യത്തിന് എല്ലാവിധ നന്ദിയും രേഖപ്പെടുത്തുകയാണെന്നും ബാബുവിന് ആവശ്യമായ ചികിത്സ ഉടന്‍ തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ബാബുവിനെ രക്ഷിക്കാനുള്ള ദൗത്യം ശ്രമകരമായിരുന്നെന്നും ലഫ്. ജനറല്‍ എ. അരുണ്‍ പ്രതികരിച്ചു. രണ്ട് സൈനികരുടെ സാഹസികമായ ശ്രമമാണ് വിജയം കണ്ടത്. ചെങ്കുത്തായ മലനിരയിലെ ദൗത്യം കനത്ത വെല്ലുവിളി നേരിട്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തന്നെ മികച്ച പര്‍വതാരോഹകരാണ് ബാബുവിന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മകനെ രക്ഷിച്ച എത്തിയ എല്ലാവരോടും നന്ദി പറയുകയാണെന്നും രാജ്യത്തോടും സൈന്യത്തോടും തങ്ങള്‍ കടപ്പെട്ടിരിക്കുന്നെന്നും ബാബുവിന്റെ അമ്മ റഷീദ പറഞ്ഞു.

രക്ഷപ്പെടുത്തിയതിന് പിന്നാലെ ബാബു ഉമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ ബോധരഹിതയായ ഉമ്മയ്ക്ക് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു.

രക്ഷാദൗത്യത്തിന് 30 അംഗ സംഘമായിരുന്നു രംഗത്തുണ്ടായിരുന്നു. രണ്ട് സംഘമായായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചത്. ഒരു സംഘം മലയുടെ മുകളില്‍ നിന്നും ഒരു സംഘം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാണ് ബാബുവിനെ രക്ഷിച്ചത്.

ബാബുവിനെ രക്ഷപ്പെടുത്താനായി സൂലൂരില്‍നിന്നും ബെംഗളൂരുവില്‍നിന്നുമുള്ള കരസേനാംഗങ്ങള്‍ രാത്രിതന്നെ സ്ഥലത്തെത്തിയിരുന്നു.
ലഫ്. കേണല്‍ ഹേമന്ദ്രാജിന്റെ നേതൃത്വത്തില്‍ ഒമ്പതുപേരടങ്ങിയ സംഘമാണ് സൂലൂരില്‍നിന്നെത്തിയത്. തുടര്‍ന്ന്, കളക്ടര്‍ മൃണ്‍മയി ജോഷിയുമായും ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥുമായും ചര്‍ച്ച നടത്തിയശേഷം നാട്ടുകാരില്‍ ചിലരെ ഒപ്പം കൂട്ടി കരസേനാംഗങ്ങള്‍ മലകയറുകയായിരുന്നു.

രാവിലയോടെയാണ് ബാബുവിന് സൈന്യം ഭക്ഷണവും വെള്ളവും എത്തിച്ചത്. 45 മണിക്കൂറിലധികമായി പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനായിരുന്നു ആദ്യ പരിഗണന. പാറക്കെട്ടിന്റെ മുകളില്‍ നിന്ന് താഴേക്ക് ഇറങ്ങിയ സംഘത്തിനാണ് ബാബുവിനെ കാണാനും സംസാരിക്കാനും കഴിഞ്ഞത്.

ബാബുവിന്റെ തൊട്ടടുത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ അദ്ദേഹവുമായി സംസാരിക്കുകയും ഭക്ഷണവും വെള്ളവും കൈമാറുകയുമായിരുന്നു. തുടര്‍ന്ന് കയര്‍ കെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് 3 സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂര്‍മ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.


Content Highlights: No one can go to the place where Babu is trapped, only he can go: the local

We use cookies to give you the best possible experience. Learn more