| Tuesday, 13th December 2022, 2:11 pm

മോദി ഉള്ളിടത്തോളം ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാനാവില്ല: ഇന്ത്യ-ചൈന ഏറ്റുമുട്ടലില്‍ അമിത് ഷാ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നിടത്തോളം ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ സൈനികരുടെ ധീരതയേയും അമിത് ഷാ അഭിനന്ദിച്ചു. ”ഞാന്‍ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുന്നത് വരെ നമ്മുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും പിടിച്ചെടുക്കാന്‍ കഴിയില്ല,” അമിത് ഷാ പറഞ്ഞു.

രാജീവ് ഗാന്ധി ഫൗണ്ടേഷന് ലഭിച്ച വിദേശ ഫണ്ട് റദ്ദാക്കിയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഒഴിവാക്കാനാണ് പ്രതിപക്ഷം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതെന്നും അമിത് ഷാ ആരോപിച്ചു. പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് എംബസിയില്‍ നിന്ന് 1.35 കോടി രൂപ ലഭിച്ചു. ഇത്
വിദേശ സംഭാവന നിയമത്തിന് ( എഫ്.സി.ആര്‍.എ) എതിരായതുകൊണ്ട് ഫൗണ്ടേഷന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയെന്നും അമിത് ഷാ പറഞ്ഞു.

ചൈനയോടുള്ള നെഹ്‌റുവിന്റെ സ്‌നേഹം കൊണ്ടാണ് യു.എന്‍. സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം ഒഴിവാക്കപ്പെട്ടതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

അതേസമയം, തവാങിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈനികര്‍ക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. രാജ്യസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തിയെന്നും ഒരിഞ്ച് ഭൂമി പോലും വിട്ടുനല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ചൈന സൈനികര്‍ക്കിടയില്‍ ഡിസംബര്‍ ഒമ്പത് വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇരു വിഭാഗത്തുമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്.

പിന്നീട് സൈന്യം തന്നെ ഇത് സ്ഥിരീകരിച്ചിരുന്നു. ഈ വിഷയത്തിലാണ് പ്രതിരോധ മന്ത്രി ലോക്സഭയില്‍ മറുപടി പറഞ്ഞിരിക്കുന്നത്. ആക്രമണം നടന്നു എന്നുള്ള കാര്യം മന്ത്രിയും സ്ഥിരീകരിച്ചു.

”ഡിസംബര്‍ ഒമ്പതിന് പി.എല്‍.എ (പീപ്പിള്‍സ് ലിബറേഷന്‍ ട്രൂപ്പ്) അതിര്‍ത്തി കടന്ന് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ കടന്ന് ആക്രമണം നടത്തുകയും നിലവിലെ സ്റ്റാറ്റസില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഇന്ത്യന്‍ സേന പി.എല്‍.എയെ നേരിടുകയും നമ്മുടെ പ്രദേശത്ത് ആക്രമണം നടത്തുന്നതില്‍ നിന്നും അവരെ തടയുകയും പിന്തിരിയാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇതിനിടയില്‍ ഇരു വിഭാഗത്തുമുള്ള കുറച്ച് സൈനികര്‍ക്ക് പരിക്കേറ്റു.

എന്നാല്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു, നമ്മുടെ ഒരു സൈനികനും സംഭവത്തില്‍ കൊല്ലപ്പെടുകയോ ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല,

ഇന്ത്യന്‍ മിലിറ്ററി കമാന്‍ഡര്‍മാരുടെ സമയോചിത ഇടപെടല്‍ കാരണം പി.എല്‍.എ സൈനികര്‍ തങ്ങളുടെ പ്രദേശത്തേക്ക് പിന്‍വലിഞ്ഞു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏരിയയുടെ ലോക്കല്‍ കമാന്‍ഡര്‍ തങ്ങളുടെ ചൈനീസ് കൗണ്ടര്‍പാര്‍ടുമായി ഡിസംബര്‍ 11ന് ഒരു യോഗം ചേര്‍ന്നു. ഇത്തരത്തില്‍ മുന്നേറ്റം നടത്തരുതെന്ന് ചൈനയെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

എനിക്ക് ഈ സഭയോട് പറയാനുള്ളത്, നമ്മുടെ സൈന്യം നമ്മുടെ ഭൂമി സംരക്ഷിക്കാനും അതിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ് എന്നാണ്. ഇതിന് തടസമാകുന്ന എന്തിനെയും നേരിടാന്‍ നമ്മുടെ സേനയ്ക്ക് സാധിക്കും,” രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാമ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. എം.പി. മനീഷ് തിവാരിയാണ് ലോക്സഭയില്‍ നോട്ടീസ് നല്‍കിയത്.

നാസിര്‍ ഹുസൈന്‍, ശക്തി സിങ് ഗോഹില്‍ എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നിവരും ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: “No One Can Capture Inch Of Land Till Modi Government In Power”: Amit Shah

We use cookies to give you the best possible experience. Learn more