സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫില്‍പ്പ് ഹ്യൂഗ്‌സിന്റെ മരണവുമായി ബന്ധപ്പെട്ട് യുവപേസര്‍ സീന്‍ അബോട്ടിനെ ആരും കുറ്റപ്പെടുത്തരുതെന്ന് ഓസീസ് നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. സീന്‍ അബോട്ട് എറിഞ്ഞ ബൗണ്‍സറാണ് ഫില്‍ ഹ്യൂഗ്‌സിന്റെ ജീവനെടുത്തത്.
സിഡ്‌നി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ദൗര്‍ഭാഗ്യകരമായ സംഭവത്തിന് ആരും സീന്‍ അബോട്ടിനെ കുറ്റപ്പെടുത്തരുത്. ഓസ്‌ട്രേലിയന്‍ ടീം മുഴുവനും അദ്ദേഹത്തിനൊപ്പമുണ്ട്. കായിക രംഗത്തേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തിന് മുഴുവന്‍ പിന്തുണയും നല്‍കുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.
തകര്‍ന്ന മനസും വിറയ്ക്കുന്ന കൈവിരലുകളും വിഷാദം തുളുമ്പുന്ന മിഴികളുമായാണ് അബോട്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ഓസ്‌ട്രേലിയന്‍ ടീമിലേക്കുള്ള ഭാവി വാഗ്ദാനമാണ് അബോട്ട്. എന്നാല്‍ ഈ അപകടം യുവതാരത്തെ തകര്‍ത്തുകളഞ്ഞുവെന്നും ക്ലാര്‍ക്ക് പറയുന്നു.
ഫില്‍ ഹ്യൂഗ്‌സിന്റെ മരണത്തിനുശേഷം മാനസികമായ തകര്‍ന്ന സീന്‍ അബോട്ട് കൗണ്‍സിലിങ്ങിന് വിധേയനാവുകയാണ്. സിഡ്‌നിയില്‍ നടന്ന ഒരു ആഭ്യന്തര മത്സരത്തിനിടെയാണ് ഹ്യൂഗ്‌സിന് പരുക്കേറ്റത്.
പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചതിന് ഓസ്‌ട്രേലിയന്‍ യുവാക്കള്‍ക്കും ജനതയ്ക്കും ക്ലാര്‍ക്ക് നന്ദി പറഞ്ഞു. ഫിലിപ്പിന്റെ കുടുംബത്തിനും ടീമിനും നല്ല പിന്തുണയാണ് ജനത നല്‍കിയത്. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവരെല്ലാം ഒരു കുടംബം പോലെയാണെന്ന തോന്നല്‍ ഇതെന്റെ മനസില്‍ ഉറപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.