| Saturday, 18th March 2017, 10:38 am

'ആ മരണങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ല': നോട്ടു ദുരിതത്തില്‍ മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയോയെന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട ദുരിതങ്ങളില്‍ രാജ്യത്ത് ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന കാര്യം അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ചോദ്യത്തിന് ലോക്‌സഭയില്‍ മറുപടി നല്‍കുകയായിരുന്നു കേന്ദ്രം.

നോട്ടു നിരോധനം കാരണമുണ്ടായ ദുരിതത്തില്‍ എത്രപേര്‍ മരിച്ചുവെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയോ എന്നുമായിരുന്നു ചോദ്യം. സി.പി.ഐ.എം അംഗം ജിതേന്ദ്ര ചൗധരി, ബി.ജെ.പി അംഗം മനോജ് തിവാരി എന്നിവരാണ് ഈ ചോദ്യം ഉന്നയിച്ചത്.

” ഈ പ്രശ്‌നത്തില്‍ മരണം നടന്നതായി ഔദ്യോഗിക റിപ്പോര്‍ട്ടില്ല” എന്നായിരുന്നു കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ നല്‍കിയ മറുപടി.

നവംബര്‍ എട്ടിന് 500രൂപയുടെയും 1000രൂപയുടെയും നോട്ടുകള്‍ റദ്ദാക്കി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി പൊതുജനങ്ങള്‍ക്ക് വലിയ ദുരിതമാണ് സമ്മാനിച്ചത്.

അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിക്കിലും തിരക്കിലുംപെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെപ്പേര്‍ മരണപ്പെട്ടിരുന്നു. ഇതിനു പുറമേ നോട്ടുനിരോധനം കാരണമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചിലര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

ബാങ്കുകള്‍ക്കു മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നും ചിലര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കൂടാതെ അസാധു നോട്ടുകള്‍ ആശുപത്രികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെയും ചിലര്‍ മരമപ്പെട്ടിരുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറിലേറെയാളുകളാണ് നോട്ടുദുരിതം കാരണം മരണപ്പെട്ടത് എന്നിരിക്കെയാണ് അങ്ങനെ മരണം നടന്നതായി റിപ്പോര്‍ട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിച്ചിരിക്കുന്നത്.

We use cookies to give you the best possible experience. Learn more