ന്യൂദല്‍ഹി: കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 687 പേജുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്‌തെന്ന വാര്‍ത്തക്ക് വിശദീകരണവുമായാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജുകളോ വോളന്റിയര്‍മാരെ അധികാരപ്പെടുത്തിയിട്ടുള്ള പേജുകളോ നീക്കം ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസിന്റേത് എന്ന പേരില്‍ നീക്കം ചെയ്ത പേജുകളുടേയും അക്കൗണ്ടുകളുടേയും വിവരങ്ങള്‍ ഫേസ്ബുക്ക് അധികൃതരില്‍ നിന്ന് ലഭിക്കാനായി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
അതേസമയം, കോണ്‍ഗ്രസുമായി ബന്ധപ്പെട്ടിട്ടുള്ള ഏതെങ്കിലും പേജുകള്‍ നീക്കം ചെയ്തിട്ടിട്ടുണ്ടോ എന്ന സത്യാവസ്ഥ തങ്ങള്‍ക്ക് അറിയണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ ഐ.ടി സെല്ലുമായി ബന്ധപ്പെട്ട വ്യക്തികളുടെ പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തിരിരുന്നത്. സ്പാം പേജുകള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യുന്നതിന്റെ ഭാഗമായായിരുന്നു നടപടി.
അതേസമയം, കോണ്‍ഗ്രസ് ഐ.ടി സെല്ലുമായി ബന്ധപ്പെട്ട ആധികാരികമല്ലാത്ത പേജുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് സൈബര്‍ സെക്യൂരിറ്റി തലവന്‍ നഥാനിയല്‍ ഗ്ലിഷിയര്‍ അറിയിച്ചിരുന്നു. ഉള്ളടക്കത്തിന്റെ പേരിലല്ല, മറിച്ച് പെരുമാറ്റത്തിന്റെ പേരിലാണ് ഫേസ്ബുക്ക് ഈ പേജുകള്‍ നീക്കം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വ്യാജ അക്കൗണ്ടുകള്‍ വഴി വിവിധ ഗ്രൂപ്പുകളില്‍ ചേര്‍ന്ന് കണ്ടന്റ് പ്രചരിപ്പിക്കുകയും എന്‍ഗേജ്മെന്റ് വര്‍ധിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നാണ് ഫേസ്ബുക്ക് പറഞ്ഞത്. പ്രാദേശിക വാര്‍ത്തകളും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ബി.ജെ.പിയ്ക്കും എതിരായ വിമര്‍ശനങ്ങളായിരുന്നു ഇവരുടെ പോസ്റ്റുകളില്‍ ഏറെയുമെന്നും ഫേസ്ബുക്ക് പറഞ്ഞിരുന്നു.