| Thursday, 6th June 2019, 10:03 pm

നിപ വൈറസ്; നിരീക്ഷണത്തിലുള്ള ഏഴാമത്തെ വ്യക്തിയുടെ റിസല്‍ട്ടും നെഗറ്റീവ്: കേരളം അതിജീവിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നിരീക്ഷണത്തിലുള്ള ഏഴാമത്തെ വ്യക്തിക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. നേരത്തെ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും രോഗമില്ലെന്ന് സ്ഥരീകരിച്ചിരുന്നു.

ഇനി ഒരാളുടെ ഫലം കൂടിയാണ് വരാനുള്ളതെന്ന് ആരോഗ്യസെക്രട്ടറി പറഞ്ഞു. ഫലം നെഗറ്റീവ് ആണെന്ന് പറഞ്ഞാലും ഭേദപ്പെട്ടാല്‍ മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുള്ളൂവെന്നും ഇന്‍ക്യൂബേഷന്‍ പിരീഡ് കഴിയുന്നതുവരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യുമെന്നും മന്ത്രി പറഞിരുന്നു.

രോഗിയുമായി അടുത്ത് ഇടപഴകിയവര്‍ക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടിലൂടെ കൂടുതല്‍ പേരിലേക്ക് നിപ പകരില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.

നേരത്തെ നിപ വൈറസിന് എതിരായ പ്രതിരോധത്തിന് നിലവിലെ ജാഗ്രതയും പ്രവര്‍ത്തനങ്ങളും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഗവേഷണം തുടരുമെന്നും കൊച്ചിയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം പറഞ്ഞു.

ഏത് ഘട്ടത്തിലാണ് വൈറസ് പകരുന്നതെന്നും വവ്വാലുകളെ നിരീക്ഷിക്കുന്നതിനായി സംയുക്ത നീക്കവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു, കൃഷി, വനം, മൃഗസംരക്ഷണ, ആരോഗ്യവകുപ്പുകളുടെ പ്രത്യേക യോഗം വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും നിരീക്ഷണ സംവിധാനം കര്‍ശമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും പറഞ്ഞു. ആരോഗ്യമന്ത്രിയുമായി സെക്രട്ടറിയുമായും നിരന്തരം സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിപ വൈറസ് ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ നില മെച്ചപ്പെട്ടെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചെറിയ പനിമാത്രമെയുള്ളൂവെന്നും ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങളില്‍ നിപ്പയ്ക്ക് സമാനമായ രോഗ ലക്ഷണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു.


 

We use cookies to give you the best possible experience. Learn more